മസ്‌കറ്റ്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി ഒമാനില്‍ ഫെബ്രുവരി 15 ഉച്ചയ്ക്ക് 12 മണി മുതല്‍ എത്തുന്ന യാത്രക്കാര്‍ക്ക് സ്ഥാപന ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി അധികൃതര്‍. ക്വാറന്റൈനിന്റെ ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കേണ്ടതാണെന്ന് അധികൃതര്‍ പറഞ്ഞു. ഏഴു ദിവസമാണ് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം.
ഏത് ഹോട്ടലില്‍ കഴിയണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം യാത്രക്കാര്‍ക്കുണ്ടെന്നും തെരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളില്‍ തന്നെ ക്വാറന്റൈനില്‍ കഴിയണമെന്ന് നിർബന്ധമില്ലെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ തന്നെ 7 ദിവസത്തേക്ക് ഹോട്ടൽ (Hotel) ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ എയർലൈനുകളിൽ യാത്രയ്ക്ക് അനുവദിക്കാവൂ എന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിട്ടി പുറത്തിറക്കിയ സർക്യൂലറിൽ പറയുന്നു. ഹോട്ടലുകൾ ബുക്ക് ചെയ്‌ത രേഖകൾ ഹാജരാക്കിയില്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നതല്ല എന്ന് ഉദ്യോഗസ്ഥർ എയർലൈൻസുകളെ അറിയിച്ചിട്ടുണ്ട്.
അതേസമയം ഒമാനിൽ എത്തുന്നവർ വരുമ്പോഴും ക്വാറന്റൈൻ അവസാനിക്കുന്ന ദിവസവും ഓരോ PCR ടെസ്റ്റ് വീതം എടുക്കണമെന്നും രണ്ട് ടെസ്റ്റുകളുടെയും ചിലവ് യാത്രക്കാർ തന്നെ എടുക്കേണ്ടതാണെന്നും ഗവണ്മെന്റ് ആറിയിച്ചിട്ടുണ്ട്. രണ്ട് ടെസ്റ്റുകളുടെയും കൂടി ആകെ 38 റിയാലാണ് ചിലവ് വരിക.