അബുദാബി : എക്സ്പ്രസ് ബസ് സർവീസിന്റെ രണ്ടാം ഘട്ടം അബുദാബിയിൽ ആരംഭിച്ചു. പരീക്ഷണാർഥം മാർച്ചിൽ ആരംഭിച്ച പദ്ധതിയുടെ വിജയത്തെ തുടർന്നാണ് കൂടുതൽ മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ആദ്യഘട്ടത്തിൽ 38 ബസ്സുകൾ നടത്തിയ 14,500 ട്രിപ്പുകളിലൂടെ 70,000 പേർക്കു യാത്രാ സൗകര്യമൊരുക്കി.
നഗരത്തിൽനിന്നും ബനിയാസ് ടാക്സി സ്റ്റേഷൻ മഫ്റഖ് വർക്കേഴ്സ് സിറ്റി, ലൈഫ് ലൈൻ ഹോസ്പിറ്റൽ ബസ് സ്റ്റോപ്പ്, അൽദ്രഫ മേഖലയിലെ മിർഫ സിറ്റി, സായിദ് സിറ്റി എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസ്. സ്വകാര്യമേഖലയുടെ സഹകരണത്തോടെയാണ് സേവനം. യാത്ര പുറപ്പെട്ട് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനിടയിൽ മറ്റു സ്റ്റോപ്പുകളിൽ നിർത്തില്ല.
ആദ്യഘട്ടത്തിൽ അബുദാബിയിൽ പരീക്ഷിക്കുന്ന സേവനം പിന്നീട് മറ്റു എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു. നിലവിൽ മുസഫ വ്യവസായ മേഖലയിൽ നിന്ന് മുഹമ്മദ് ബിൻ സായിദ് സിറ്റിയിലേക്കും ഖലീഫ സിറ്റി, ബനിയാസ്, ഷഹാമ, അൽഫല എന്നിവിടങ്ങളിൽനിന്ന് അബുദാബി നഗരത്തിലേക്കുമാണ് സർവീസ്.
തിങ്കൾ മുതൽ വെള്ളി വരെ പുലർച്ചെ 5 മുതൽ രാത്രി 10 വരെയും വാരാന്ത്യ, പൊതു അവധി ദിവസങ്ങളിൽ പുലർച്ചെ ഒരു മണിവരെയുമാണ് സേവനം. തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവേളകളിലും തിരക്കില്ലാത്ത സമയങ്ങളിൽ 25 മിനിറ്റ് ഇടവേളകളിലും ബസുണ്ടാകും.