ദുബായ്: ദുബായില്‍ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ശിക്ഷ വിധിച്ചു. 25 വര്‍ഷത്തെ ജീവപര്യന്തം തടവും അതിന് ശേഷം നാടുകടത്തലുമാണ് കോടതി വിധിച്ച ശിക്ഷ.
കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി. വിദ്യാ ചന്ദ്രനെ (40) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷി (43)നെയാണ് ശിക്ഷിച്ചത്. ഇതുസംബന്ധമായി തങ്ങള്‍ക്ക് വിവരം ലഭിച്ചതായി വിദ്യയുടെ സഹോദരന്‍ വിനയന്‍ പറഞ്ഞു.
2019 സെപ്തംബര്‍ 9നായിരുന്നു കേസിനടിസ്ഥാനമായ സംഭവം. ഓണമാഘോഷിക്കാന്‍ വിദ്യ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു കൊലപാതകം. സംഭവ ദിവസം രാവിലെ അല്‍ഖൂസിലെ കമ്പനി ഓഫീസിലെത്തിയ യുഗേഷ് വിദ്യയെ പാര്‍ക്കിങ്ങിലേക്ക് വിളിച്ചുകൊണ്ടുപോവുകയും ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും ചെയ്തു.
മാനേജരുടെ മുന്‍പില്‍ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തര്‍ക്കം. തുടര്‍ന്ന് യുഗേഷ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ വിദ്യ മരിച്ചു.
കൊലപാതകത്തിനു ശേഷം സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കകം ജബല്‍ അലിയില്‍ നിന്ന് പൊലീസ് പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
വിദ്യയുടെ കമ്പനി ഉടമ തമിഴ്നാട് സ്വദേശി ശുഭരാജാണ് കേസില്‍ ഒന്നാംസാക്ഷി. ഫെബ്രുവരി 13-നായിരുന്നു കേസില്‍ വിചാരണ ആരംഭിച്ചത്.
കൊലപാതകത്തിന് 11 മാസം മുന്‍പായിരുന്നു വിദ്യ ജോലി ലഭിച്ച് യു.എ.ഇയിലെത്തിയത്.
യുഗേഷില്‍നിന്ന് ഒരു സഹായവും കുടുംബത്തിന് ലഭിച്ചിരുന്നില്ല. അതോടെയാണ് തിരുവനന്തപുരത്തെ ചെറിയ ജോലി ഉപേക്ഷിച്ച് വിദ്യ ദുബായില്‍ ജോലിക്ക് ശ്രമിച്ചത്.
ജോലി ലഭിച്ചശേഷം ഒരുതവണ മാത്രമാണ്, മക്കളുടെ വിദ്യാഭ്യാസപരമായ കാര്യത്തിന് നാട്ടിലെത്തിയത്. അടുത്ത അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് കൊല്ലപ്പെടുന്നത്, വിദ്യയുടെ സഹോദരന്‍ വിനയന്‍ പറഞ്ഞു.
16 വര്‍ഷം മുന്‍പാണ് വിദ്യയും യുഗേഷും വിവിഹിതരായത്.
 
                






