gnn24x7

കാറപകടത്തിൽ മകനെ നഷ്ടമായതിന്റെ ദുഃഖത്തിനിടയിലും യുഎഇയിൽ കുടുങ്ങിയ 61 പേർക്ക് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത് നൽകി പ്രവാസി മലയാളി

0
244
gnn24x7

ദുബായ്: മാസങ്ങൾക്ക് മുൻപുണ്ടായ കാറപകടത്തിൽ മകനെ നഷ്ടമായതിന്റെ ദുഃഖത്തിനിടയിലും യുഎഇയിൽ കുടുങ്ങിയ 61 പേർക്ക് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത് നൽകി പ്രവാസി മലയാളി. കേരളത്തിലെ കോളജ് അലുമ്നി അസോസിയേഷനുകളുടെ കൂട്ടായ്മയായ അക്കാഫ് ചാർട്ട് ചെയ്ത വിമാനത്തിലാണ് ഈ 61 പേർക്കും മടങ്ങാനുള്ള ടിക്കറ്റ് തുക മലയാളിയായ ടി എൻ കൃഷ്ണകുമാർ നൽകിയതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ക്രിസ്മസ് കാലത്താണ് കൃഷ്ണകുമാറിന്റെ മകൻ രോഹിത്ത് (19), അയൽവാസിയും സുഹൃത്തുമായ ശരത്( 21) എന്നിവർ സ്കൂളിലെ പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാറപകടത്തിൽ മരിച്ചത്. യുകെയിൽ ഉപരിപഠനം നടത്തിവരികയായിരുന്നു രോഹിത്.

രോഹിത്തിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ച് അന്ത്യ കർമങ്ങൾ നടത്തിയ ശേഷം പിതാവ് കൃഷ്ണകുമാർ യുഎഇയിലേക്ക് മടങ്ങിയെത്തി. ഏറെ വർഷങ്ങളായി തുടർന്നുവരുന്ന സന്നദ്ധ സേവന പ്രവർത്തനം കൂടുതൽ ശക്തമാക്കുകയായിരുന്നു കൃഷ്ണകുമാർ പിന്നീട് അങ്ങോട്ട്. അകാലത്തിലുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് അദ്ദേഹത്തിന്റെ ഭാര്യ ഇതുവരെയും മോചിതയായിട്ടില്ല. സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ വ്യാപൃതനായി മകന്റെ വേർപാടിന്റെ ദുഃഖത്തെ മറികടക്കുകയാണ് കൃഷ്ണകുമാർ.

കൃഷ്ണകുമാർ കൂടി അംഗമായ ഓൾ കേരള കോളജ് അലുമ്നി ഫെഡറേഷൻ (അക്കാഫ്) വോളന്റിയർ ഗ്രൂപ്പിന് ഈ കോവിഡ് കാലത്ത് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. കേരളത്തിലെ 150ഓളം വരുന്ന കോളജുകളിലെ പൂർവകാല വിദ്യാർഥികളാണ് സംഘടനയിലെ അംഗങ്ങൾ. കോവിഡ് കാലത്ത് ഭക്ഷ്യ കിറ്റുകളും മരുന്നുകളും എത്തിക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിക്കാൻ അക്കാഫിലെ വോളന്റിയർമാരുണ്ടായിരുന്നു.

ഇന്ത്യയിലേക്ക് മടങ്ങാനാകാതെ കുടുങ്ങിപ്പോയ 61 പേരെ നാട്ടിലെത്തിക്കാൻ കൃഷ്ണകുമാർ ടിക്കറ്റ് സ്പോൺസർ ചെയ്യുകയായിരുന്നുവെന്ന് അക്കാഫിലെ സീനിയർ അംഗമായ പോൾ ടി ജോസഫ് പറയുന്നു. ”അക്കാഫിന്റെ ആദ്യ ആറ് ചാർട്ടേഡ് വിമാനത്തിലും ഓരോ യാത്രക്കാരന്റെ വീതം ടിക്കറ്റ് ചെലവ് കൃഷ്ണകുമാർ ഏറ്റെടുത്തിരുന്നു. വെള്ളിയാഴ്ച പുറപ്പെടുന്ന വിമാനത്തിലെ 191 യാത്രക്കാരിൽ 55 പേരുടെ ടിക്കറ്റ് ചെലവും കൃഷ്ണകുമാർ നൽകുകയായിരുന്നു. ബാക്കിയുള്ളവരുടെ ടിക്കറ്റ് ചെലവ് വിവിധ കോളജ് അലുമ്നി ഗ്രൂപ്പുകളുടെ അംഗങ്ങളാണ് വഹിച്ചത്”- അദ്ദേഹം പറയുന്നു.

61 യാത്രക്കാരെ നാട്ടിലെത്തിക്കാനായി ഏകദേശം 12 ലക്ഷത്തോളം രൂപയാണ് കൃഷ്ണകുമാർ ചെലവിട്ടത്. കഷ്ടപ്പെടുന്നവർക്ക് കുറച്ചെങ്കിലും ആശ്വാസം നൽകുകമാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂവെന്ന് കൃഷ്ണകുമാർ പറയുന്നു. ”ഞങ്ങൾക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ചത് എന്തുകൊണ്ടെന്ന് പലപ്പോഴും സ്വയം ചോദിക്കാറുണ്ട്. അപ്പോൾ നമ്മളെക്കാൾ ദുരന്തം അനുഭവിക്കുന്നവരെ കുറിച്ച് ചിന്തിക്കും. മറ്റുള്ളവരെ സഹായിക്കുന്നത് വഴിയേ എനിക്ക് അൽപമെങ്കിലും സമാധാനം ലഭിക്കുന്നുള്ളൂ.”- സ്വകാര്യ കമ്പനിയുടെ സെയിൽസ് മാർക്കറ്റിങ് ഡയറക്ടറായ കൃഷ്ണകുമാർ പറയുന്നു.

ഒട്ടേറെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനാണ് കൃഷ്ണകുമാർ. രോഹിത് യുകെയിലെ മാഞ്ചെസ്റ്റർ സർവകലാശാലയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായിരുന്നു. പഠനത്തിൽ മികവ് തെളിയിച്ച രോഹിത് ദുബായിലെ സ്കൂൾ പഠനകാലത്ത് ഷേയ്ഖ് ഹമ്ദാൻ അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടിയിരുന്നു. സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ രോഹിത്തും ഭാഗമായിരുന്നു. നാട്ടിലായിരിക്കുമ്പോൾ ആഘോഷ ദിവസങ്ങൾ അനാഥാലയത്തിലെ കുട്ടികൾക്കൊപ്പമാണ് രോഹിത്തും ഇളയമകനായ രാഹുലും ചെലവഴിക്കാറുള്ളത്. യുകെയിലെ യോർക്ക് യൂണിവേഴ്സിറ്റിയിലെ പബ്ലിക്ക് ഹെൽത്ത് ബിരുദ വിദ്യാർഥിയായ രാഹുലിലാണ് ഇനി കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെ ആശയും പ്രതീക്ഷയും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here