ദുബായ്: കുവൈറ്റ് ഭരണാധികാരി സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാ അന്തരിച്ചു. 91 വയസായിരുന്നു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു. മന്ത്രിയായ ശൈഖ് അലി ജാറാ അല്‍ സബായാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
1929 ല്‍ ജനിച്ച ശൈഖ് സബ, ആധുനിക കുവൈത്തിന്റെ വിദേശനയത്തിന്റെ ശില്‍പിയായാണ് കണക്കാക്കപ്പെടുന്നത്. 1963 നും 2003 നും ഇടയില്‍ 40 വര്‍ഷത്തോളം വിദേശകാര്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. പിന്നീട് 2006 ല്‍ ശൈഖ് ജാബിര്‍ അല്‍ സബായുടെ മരണത്തിന് ശേഷം പ്രധാനമന്ത്രിയായി.
2019 ഓഗസ്റ്റിലാണ് ശൈഖ് സബയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 2020 ജൂലൈയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തുടര്‍ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുകയായിരുന്നു.
നാല് അറബ് രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ബഹിഷ്‌കരണം പരിഹരിക്കുന്നതിനായി നയതന്ത്ര തലത്തില്‍ ശൈഖ് സബാ ശ്രമിച്ചിരുന്നു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങളായ ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് വേണ്ടി മറ്റ് രാഷ്ട്രങ്ങളുമായി യോഗങ്ങളും അദ്ദേഹം നടത്തിയിരുന്നു.







































