ദുബായ്: ദുബായിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ശ്രീധരൻ ദേവ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഏപ്രിൽ 28 മുതലാണ് ഇദ്ദേഹത്തെ കാണാതായത്.
ദുബായിലെ സ്വകാര്യ റെന്റ് എ കാർ കമ്പനിയിലെ സൂപ്പർ വൈസറായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിന് ഏപ്രിൽ 23ന് ടിക്കറ്റ് എടുത്തിരുന്നെങ്കിലും നാട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.
ദുബായിലെ സോഷ്യൽ വർക്കറായ നസീർ വാടാനപ്പള്ളിയാണ് ഇദ്ദേഹത്തെ കാണാനില്ലെന്ന വിവരം പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ മാസം തുറമുഖത്തു നിന്ന് അഴുകിയനിലയിൽ ഒരു മൃതദേഹം കണ്ടെത്തിയതായി പൊലീസ് നസീർ വാടാനപ്പളളിയെ അറിയിച്ചിരുന്നു.
എന്നാൽ മൃതദേഹം അഴുകിയതിനാൽ തിരിച്ചറിയാൻ സമയമെടുത്തു. കൂടാതെ ഡിഎൻഎ പരിശോധനയും നടത്തി. വസ്ത്രത്തിലെ പോക്കറ്റില്‍ നിന്ന് ഒരു താക്കോൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇത് ദേവകുമാറിന്റെ അപ്പാർട്ട്മെന്റിന്റെ താക്കോലാണോയെന്ന് അധികൃതർ പരിശോധിച്ചു. വാതിൽ തുറക്കുന്നതിൽ അവർ വിജയിക്കുകയും ഡിഎൻഎ പരിശോധനാ ഫലങ്ങൾ പൊരുത്തപ്പെടുകയും ചെയ്ത ശേഷം, ശരീരം ദേവകുമാറിന്റേതാണെന്ന നിഗമനത്തിലെത്തി- നസീർ വാടാനപ്പള്ളി ഗൾഫ് ന്യൂസിനോട് പറഞ്ഞു.
അതേസമയം ഇദ്ദേഹത്തിന്റെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാൻ ബന്ധുക്കൾ സമ്മതിച്ചതായും നസീർ വാടാനപ്പള്ളി പറഞ്ഞു. മരിച്ച ശ്രീധരൻ ദേവ് കുമാറിന് ഭാര്യയും രണ്ട് മക്കളും ഉണ്ട്. കോവിഡിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ കഴിയാത്തതിലും മക്കളെ കാണാൻ പറ്റാത്തതിലും ഇദ്ദേഹം ദുഃഖിതനായിരുന്നുവെന്നാണ് വിവരം.