മസ്കറ്റ്: ഖരീഫ് സീസൺ പ്രമാണിച്ചു സലാലയിലേക്കു കൂടുതൽ വിമാന സർവീസുകൾ. സൗദി അറേബ്യയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്ലൈനസ് സലാല സർവീസ് ആരംഭിച്ചു. ഖരീഫ് സീസണോടനുബന്ധിച്ചു റിയാദിനും സലാലക്കുമിടയിൽ ആഴ്ചയിൽ മൂന്നു വീതം സർവീസുകൾ നടത്തും.
സലാല രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഫ്ലൈനസിന്റെ ആദ്യ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ഖരീഫ് സീസണിൽ സൗദി അറേബ്യയിൽ നിന്നു ദോഫാർ ഗവർണറേറ്റിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനാവാണുണ്ടാകുക. ഇത്തരക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതാണ് ഫൈനസ് സർവീസുകളെന്നു സലാല എയർപോർട്ട് വൈസ് പ്രസിഡന്റ് സലേം ബിൻ അവാദ് അൽ യാഫെ പറഞ്ഞു. സലാലക്കും ബഹ്റൈനും ഇടയിൽ ഗൾഫ് എയർ കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ചിരുന്നു.
ആഴ്ചയിൽ മൂന്നു സർവീസുകൾ വീതമാണു നടത്തുന്നതെന്ന് ഒമാൻ എയർപോർട്ട്സ് അധികൃതർ പറഞ്ഞു. ജസീറ എയർവേയ്സ് ഉൾപ്പെടെ വിവിധ വിമാന കമ്പനികൾ കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് ആരംഭിക്കുകയും ചില കമ്പനികളിൽ സീറ്റുകൾ വർധിപ്പിക്കുകയും ചെയ്തിരുന്നു.






































