ദുബായ്: ആറു മാസത്തിലൊരിക്കൽ യു.എ.ഇയിൽ റവന്യു അദാലത്ത് നടത്തുമെന്ന് റവന്യു മന്ത്രി കെ.രാജൻ. യുവകലാസാഹിതിയുടെ സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തെ സന്ദർശനത്തിന് ദുബായിൽ എത്തിയതായിരുന്നു അദ്ദേഹം.
ഇതോടെ പ്രവാസികളായ മലയാളികളുടെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾക്ക് നാട്ടിലെത്താതെ പരിഹാരം കാണാൻ സാധിക്കും. ഈ മാസം ലോക കേരള സഭയിൽ ഇതിനുള്ള പദ്ധതി അവതരിപ്പിക്കും.സംസ്ഥാനത്ത് മിച്ചഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ തീർപ്പുണ്ടാക്കാൻ സെറ്റിൽമെന്റ് നിയമം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
റവന്യുമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും ദുബായിലെത്തി പ്രവാസികളുടെ പരാതികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ഓരോ ആറുമാസവും ഇത്തരം പര്യടനം നടത്തണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഉൾപ്പെടെ അനുമതി വേണ്ടിവരും. ഇങ്ങനെ അദാലത്ത് സംഘടിപ്പിക്കാൻ അനുമതി കിട്ടുമോ എന്നത് വ്യക്തമല്ല. അനുമതി കിട്ടാൻ തടസമുണ്ടെങ്കിൽ അദാലത്ത് ഓൺലൈൻ വഴിയാക്കുന്നത് പരിഗണിക്കും.



































