കുവൈത്ത് സിറ്റി: ഒളിച്ചോടിയെന്ന് തൊഴിലുടമ പരാതി നൽകിയാൽ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് തൊഴിലാളിക്ക് പറയാനുള്ളതാകും ആദ്യം കേൾക്കുകയെന്ന് മാൻപവർ അതോറിറ്റി. തൊഴിൽ തർക്കം പരിഹരിച്ചതിന് ശേഷമാകും ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയെന്ന് അതോറിറ്റിയിലെ തൊഴിൽ സംരക്ഷണ വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ഡോ.മുബാറക് അൽ ജഫൂർ പറഞ്ഞു. ഒളിച്ചോടിയെന്ന പരാതിയിൽ നാടുകടത്താൻ വിധിക്കുന്നവരിൽ കുട്ടികൾ കുവൈത്തിൽ പഠനം തുടരുന്നവർ, സ്വദേശി വനിതകളെ വിവാഹം ചെയ്തവർ, പലസ്തീൻ രേഖയുള്ളവർ എന്നിവരെ പെട്ടെന്ന് നാടുകടത്തില്ല. തൊഴിലുമായി ബന്ധപ്പെട്ട വകുപ്പിൽ പ്രത്യേക വ്യവസ്ഥകൾ തയാറാക്കി. അടുത്താഴ്ച അത് പ്രാബല്യത്തിൽ വരും.
ഗാർഹിക തൊഴിൽ നിയമം പരിഷ്കരിക്കാനും ആലോചനയുണ്ട്. സമൂഹത്തിന് ഗുണകരമാകുന്ന നിർദേശങ്ങൾ അതോറിറ്റി മുൻപാകെ സമർപ്പിക്കാം.നേപ്പാൾ, ഇത്യോപ്യ, ഇന്ത്യ, ഇന്തോനീഷ്യ എന്നിവിടങ്ങളിൽ നിന്ന് ഗർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് എളുപ്പമാക്കുന്നതും പരിഗണിക്കുന്നുണ്ട്. ഇത്യോപ്യയിൽനിന്നുള്ള സംഘം ഈ മാസം കുവൈത്ത് സന്ദർശിക്കുന്നുണ്ട്. ഗാർഹിക തൊഴിലാളി കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സാഹചര്യത്തിൽ കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് ഫിലിപ്പീൻസ് നിർത്തിവച്ചതായി ഔദ്യോഗികമായി വിവരമൊന്നും ലഭിച്ചിട്ടില്ല. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.









































