gnn24x7

ദുബായിൽ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ വന്നു

0
338
gnn24x7

ദുബായിൽ പിഴകൾ പരിഷ്കരിച്ച പുതിയ ട്രാഫിക് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും എമിറേറ്റിലെ വ്യക്തികളുടെ ജീവനും സ്വത്തുക്കൾക്കും സംരക്ഷണം നൽകുന്നതിനുമാണ് നിയമം പരിഷ്കരിച്ചതെന്ന് അധികൃതർ പറഞ്ഞു. വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് 2015ലെ ഉത്തരവ് നമ്പർ 29 ലെ ചില ആർട്ടിക്കിളുകളിൽ ഭേദഗതി വരുത്തിക്കൊണ്ട് 2023 ലെ ഉത്തരവ് നമ്പർ 30 പുറപ്പെടുവിച്ചു. റോഡിൽ ഗുരുതരമായ ലംഘനങ്ങൾ നടത്തുന്ന ഉടമകൾക്ക് ഇനി മുതൽ കർശന ശിക്ഷ ലഭിക്കും. ഗതാഗത സുരക്ഷ ഉറപ്പാക്കുക, അപകടങ്ങൾ കുറയ്ക്കുക, റോഡുകളിൽ സുരക്ഷിതമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുതിയ ഭേദഗതികളുടെ ലക്ഷ്യം. വാഹനങ്ങളുടെ നിയമപരവും നിർബന്ധിതവുമായ പിടിച്ചെടുക്കലിന്റെ പ്രത്യേക കേസുകൾ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു.

മുൻകൂർ അനുമതിയില്ലാതെ റോഡിൽ ഓട്ടമത്സരങ്ങളിൽ പങ്കെടുക്കുന്നവാഹനങ്ങളും നടപ്പാതയിലൂടെ സഞ്ചരിക്കുന്ന വിനോദ മോട്ടോർസൈക്കിളുകളും പുതിയ ഭേദഗതികൾ പ്രകാരം കണ്ടുകെട്ടും. ഹെവി ഡ്യൂട്ടി ട്രക്കിന്റെ സ്വദേശി അല്ലാത്ത ഡ്രൈവർ ചുവപ്പ് സിഗ്നൽ മറികടന്നാൽ നാടുകടത്തും. ചുവന്ന സിഗ്നൽ ചാടുന്നവർക്ക് 50,000 ദിർഹം പിഴ ചുമത്തും. വേഗപരിധി വർധിപ്പിക്കുകയോ വാഹനമോടിക്കുമ്പോൾ വലിയ ശബ്ദമുണ്ടാക്കുകയോ ചെയ്യുന്ന തരത്തിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങളും പൊലീസ് പിടികൂടും. ട്രാഫിക് പിഴ 6,000 ദിർഹം കവിഞ്ഞാൽ അല്ലെങ്കിൽ വ്യാജ പ്ലേറ്റ് നമ്പറോ വ്യക്തമല്ലാത്ത പ്ലേറ്റ് നമ്പറോ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ ദുബായ് പോലീസ് വാഹനം പിടിച്ചെടുക്കും.

അശ്രദ്ധമായി ഓടിക്കുന്നതോ മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്നതോ പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതോ ആയ വാഹനവും പിടിച്ചെടുക്കും. പൊലീസിന്റെ മുൻകൂർ അനുമതിയില്ലാതെ റോഡിൽ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന വാഹനത്തിന് ഒരു ലക്ഷം ദിർഹം, നടപ്പാതയിലൂടെ സഞ്ചരിക്കുന്ന വിനോദ മോട്ടോർസൈക്കിളിന് 50,000 ദിർഹം എന്നിങ്ങനെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള ഫീസും വ്യക്തമാക്കിയിട്ടുണ്ട്. കണ്ടുകെട്ടിയ വാഹനങ്ങൾ ട്രാഫിക് ഫയൽ, ലംഘനം തിരുത്തൽ അല്ലെങ്കിൽ അതിന്റെ കാരണങ്ങൾ നീക്കം ചെയ്യൽ, ദുബായ് പൊലീസ് നിർണയിച്ചിട്ടുള്ള മറ്റേതെങ്കിലും വ്യവസ്ഥകൾ എന്നിവ പ്രകാരം വാഹനത്തിന് നൽകേണ്ട എല്ലാ പിഴകളും അടച്ചതിന് ശേഷം വിട്ടയക്കാവുന്നതാണ്. കണ്ടുകെട്ടിയ വാഹനം അതിന്റെ ഉടമ നടത്തിയ എല്ലാ നിയമലംഘനങ്ങൾക്കും ചുമത്തിയ പിഴകൾ അടച്ചാൽ മാത്രമേ മോചിപ്പിക്കാൻ കഴിയൂ. റോഡിലെ ഓട്ട മത്സരങ്ങളിൽ പങ്കെടുത്തതിന് വാഹനം പിടിച്ചെടുക്കപ്പെട്ടയാൾ തന്റെ കാർ പിടിച്ചെടുത്ത സ്ഥലത്ത് നിന്ന് മോചിപ്പിക്കുന്നതിന് ഒരു ലക്ഷം ദിർഹം നൽകണം. നടപ്പാതകളിലൂടെ വിനോദ മോട്ടോർസൈക്കിൾ ഓടിച്ചാൽ മോട്ടോർ സൈക്കിൾ വിട്ടുനൽകാൻ 50,000 ദിർഹം പിഴ ഈടാക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D

gnn24x7