കൊവിഡ് വാക്‌സിൻ സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാർക്ക് നിർബന്ധിത ആർടി-പിസിആർ റിപ്പോർട്ട് ഒഴിവാക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച ചര്‍ച്ച തുടരുകയാണെന്നും വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദിപ് സിങ്പുരി അറിയിച്ചു.
വ്യോമയാന മന്ത്രാലയവും, ആരോഗ്യ രംഗത്തെ വിദഗ്ധരും കൂടി ചര്‍ച്ച ചെയ്തു മാത്രമെ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന ആരോഗ്യ വിദഗ്ധർ ഉൾപ്പെടെ നിരവധി നോഡൽ ഏജൻസികൾക്കൊപ്പം സിവിൽ ഏവിയേഷൻ മന്ത്രാലയവും തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര യാത്രക്കാർക്ക് വാക്സിൻ പാസ്‌പോർട്ട് എന്ന ആശയത്തിനെതിരെ ഇന്ത്യൻ സർക്കാർ എതിർപ്പ് ഉന്നയിച്ചിട്ടുണ്ടെന്നും ഇത് വിവേചനപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവില്‍ കൊവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനയാത്ര നടത്തുന്നവരോടാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം ചോദിക്കുന്നത്.





































