gnn24x7

പ്രവാസികളെ മടക്കി എത്തിക്കാനായി എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിന് ഖത്തർ അപേക്ഷ ക്ഷണിച്ചു തുടങ്ങി

0
266
gnn24x7

ദോഹ: കോവിഡ് വ്യാപനത്തെ തുടർന്ന് വിവിദ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ മടക്കി എത്തിക്കാനായി എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിന് ഖത്തർ അപേക്ഷ ക്ഷണിച്ചു തുടങ്ങി. ശനിയാഴ്ച മുതലാണ് റീ എൻട്രി പെർമിറ്റിനുള്ള അപേക്ഷ ഖത്തർ സ്വീകരിച്ചു തുടങ്ങിയത്.

അതേസമയം ഇന്ത്യക്കാർക്ക് ചാർട്ടേ‍ഡ് വിമാനങ്ങളിലോ രാജ്യാന്തര സർവീസ് പുനരാരംഭിക്കുമ്പോഴോ മാത്രമെ മടങ്ങാനാകൂ. ഖത്തര്‍ ഐഡിയുള്ള വ്യക്തികള്‍, സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ കമ്പനികള്‍ എന്നിവര്‍ക്കാണ് ഖത്തര്‍ പോര്‍ട്ടല്‍ മുഖേന റീ എന്‍ട്രിക്ക് അപേക്ഷിക്കാന്‍ അനുമതിയുള്ളത്.

പെര്‍മിറ്റ് ലഭിക്കുന്ന തീയതി മുതല്‍ ഒരു മാസത്തേക്കാണ് രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി. ഒരു മാസത്തിനുള്ളില്‍ എത്താൻ സാധിച്ചില്ലെങ്കില്‍ വീണ്ടും പെര്‍മിറ്റിനായി അപേക്ഷിക്കാം.

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങുമ്പോള്‍ ഇഹ്തിറാസ് ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. https://portal.www.gov.qa/wps/portal/qsports/home എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ജീവനക്കാര്‍ക്കായി തൊഴിലുടമകള്‍ക്കും കുടുംബാംഗങ്ങള്‍ക്കായി സ്‌പോണ്‍സര്‍ അല്ലെങ്കില്‍ വിസാ ഉടമകൾക്കും അപേക്ഷ സമര്‍പ്പിക്കാം.

ഏത് രാജ്യത്ത് നിന്നാണ് വരുന്നത്, എത്ര ദിവസം അവിടെ താമസിച്ചു, താമസത്തിന്റെ തെളിവ്, ഇ-മെയില്‍, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കണം. ഖത്തറില്‍ നിന്ന് അവസാനമായി നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം പാസ്‌പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിച്ച പേജിന്റെ പകര്‍പ്പ് തെളിവായി സമര്‍പ്പിക്കാം.

റീ എന്‍ട്രി പെര്‍മിറ്റ്, ഖത്തര്‍ റെസിഡന്റ് പെര്‍മിറ്റ്, ആറുമാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ട്, ഹോട്ടല്‍ ക്വാറന്‍റീന്‍ ബുക്കിങ് രേഖ എന്നിവയാണ് മടങ്ങി വരുന്നവരുടെ കൈവശം ഉണ്ടാകേണ്ട രേഖകള്‍.

48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിർബന്ധമാണ്. അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ഇല്ലെങ്കില്‍ യാത്രയ്ക്ക് മുമ്പ് Discover Qatar വെബ്‌സൈറ്റിലൂടെ ക്വാറന്റീനിനായി ഹോട്ടല്‍ ബുക്ക് ചെയ്യണം. ഖത്തറിലെത്തി സ്വന്തം ചെലവില്‍ വേണം ഹോട്ടലില്‍ കഴിയാന്‍.

ഇന്ത്യയില്‍ നിലവില്‍ ഖത്തര്‍ അംഗീകൃത കോവിഡ്-19 പരിശോധനാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ ദോഹയിലെത്തി 7 ദിവസം നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം.

ഇന്ത്യയിൽ ഖത്തർ പരിശോധനാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചാല്‍ യാത്രക്ക് 48 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ നഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ 7 ദിവസത്തെ ഹോം ക്വാറന്റീന്‍ മതിയാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 109 എന്ന ഗവണ്‍മെന്‍റ് കോണ്‍ടാക്ട് നമ്പറില്‍ വിളിക്കാം. ഖത്തറിന് പുറത്തുള്ളവര്‍ +974 44069999 എന്ന നമ്പറില്‍ ബന്ധപ്പെടണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here