റിയാദ്: സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു. ദിവസം തോറും ആയിരക്കണക്കിന് പേരാണ് രോഗബാധിതരാകുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 2532 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 12 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 351 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്.
63077 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനയുണ്ടാകുന്നു എന്നതാണ് ആശ്വാസം നൽകുന്ന ഒരു കാര്യം. 36040 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ ചികിത്സയിൽ തുടരുന്നവരിൽ 281 പേരുടെ നില കുറച്ച് മോശമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതേസമയം മെഡിക്കൽ ഐസോലേഷൻ അല്ലെങ്കിൽ ക്വാറന്‍റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് പകരം ആളുകളെ വീടുകളിൽ തന്നെ ക്വാറന്‍റീൻ ചെയ്യാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തിൽ വീടുകളിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ ഇലക്ട്രോണിക് റിസ്റ്റ് ബാൻഡുകൾ ഉപയോഗപ്പെടുത്തും.
അതുപോലെ തന്നെ കോവിഡ് അടക്കം പല രോഗങ്ങളെക്കുറിച്ച് ഉടനടി വിവരം ലഭ്യമാക്കുന്ന ഒരു ആപ്പും ഉടൻ തന്നെ പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം അടക്കമുള്ള ഏറ്റവും പുതിയ വിവരങ്ങൾ വരെ ഇതുവഴി ലഭ്യമാകും.