റിയാദ്: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4301 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 150,292 പേർക്കാണ് ഇവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒരുദിവസത്തിനിടെ 45 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1184 ആയും ഉയർന്നു.
ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പുകൾ പ്രകാരം രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം 1,849 പേർ കൂടി രോഗമുക്തരായിട്ടുണ്ട്. നിലവിൽ 95,764 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 53,344 പേരാണ് ചികിത്സയിൽ തുടരുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വക്താവ് പറയുന്നു. റിയാദിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1,091 പേർക്ക്. ഹഫൗഫിൽ ജിദ്ദയിൽ 430 പേർക്കും ജിദ്ദയിൽ 384 പേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്.
ചികിത്സയിൽ തുടരുന്നവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ തന്നെയാണ് നൽകി വരുന്നതെന്ന കാര്യവും ആരോഗ്യ മന്ത്രാലയം വക്താവ് എടുത്തു പറഞ്ഞിട്ടുണ്ട്.







































