gnn24x7

സൗദി വ്യോമമേഖലയ്ക്ക് ചരിത്ര നിമിഷം; പറന്നുയർന്ന് ‘റിയാദ് എയർ’

0
410
gnn24x7

സൗദി അറേബ്യയുടെ വ്യോമയാന ചരിത്രത്തിൽ പുതിയ ഏട്അടയാളപ്പെടുത്തി രാജ്യത്തിന്റെ പുതിയ വിമാനമായ ‘റിയാദ് എയർ’ തലസ്ഥാന നഗരിക്ക് മുകളിലൂടെ പറന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള ബോയിങ് 787 ഡ്രീം ലൈനർ വിമാനം ‘റിയാദ് എയർ’ കിങ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്.കിങ് അബ്ദുല്ല സാമ്പത്തിക മേഖല, കിങ് ഖാലിദ് ഗ്രാൻഡ് മസ്ജിദ്, കിങ് ഫഹദ് റോഡിന്റെ വശത്ത് സ്ഥിതിചെയ്യുന്ന ഉയരം കൂടിയ കിങ്ഡം ടവർ, ഫൈസലിയ ടവർ എന്നിവക്ക് മുകളിലൂടെ താഴ്ന്നുപറന്ന പർപ്പിൾ കളർ വിമാനത്തെ സൗദി ഹോക്സിന്റെ ജെറ്റ് വിമാനത്തിൽ റോയൽ സൗദി എയർഫോഴ്സിന്റെ ഡിസ്പ്ലേ ടീം അനുഗമിച്ചു.

2025 ൽ ആരംഭിക്കാനിരിക്കുന്ന ‘റിയാദ് എയർ വിമാനത്തിന്റെ ആദ്യ ഔദ്യോഗിക പറന്നുയരലായിരുന്നു ഇന്നത്തേത്. കിരീടാവകാശിയും പബ്ലിക്ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ മാർച്ച് 12 ന് പ്രഖ്യാപിച്ച ‘റിയാദ് എയറിന്റെ N8573C എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത വിമാനമാണ് കൃത്യം മൂന്ന് മാസം തികയുന്ന ദിവസം റിയാദിന് മുകളിലൂടെ പറന്നത്. ലോകത്തിലെ തന്നെ മികച്ച സൗകര്യവും സേവനവും ഉറപ്പ് നൽകുന്ന ‘റിയാദ് എയർ’ 2030 ഓടെ ലോകത്തിലെ 100 കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തും. അത്യാധുനിക ഫീച്ചറുകളും നൂതനമായ കാബിൻ സജ്ജീകരണവും ഡിജിറ്റൽ വിനോദ സംവിധാനങ്ങളും വിഭാവന ചെയ്യുന്ന ഡ്രീം ലൈനർ വിമാനങ്ങൾ സാങ്കേതിക വിദ്യയുടെ ഏറ്റവും ആധുനികമായ ആവിഷ്കരമായിരിക്കും. അബുദാബി ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവെയ്സിന്റെ മുൻ സി.ഇ.ഒ ടോണി ഡഗ്ലസാണ് റിയാദ് എയറിന്റെ അമരത്ത്.

ജൂൺ 19 ന് 54-ാമത് പാരീസ് എയർ ഷോയിൽ പൊതു അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സ്വന്തം നഗരത്തിനു മുകളിലൂടെ റിയാദ് എയറിന്റെ ആദ്യ വിമാനംപ്രദർശനപ്പറക്കൽ നടത്തിയത്. ഏറ്റവുംപുതിയ സാങ്കേതികവിദ്യയുടെസഹായത്തോടെ നിർമിച്ച സൗദി എയർ വിമാനത്തിൽ മികച്ച സൗകര്യങ്ങളാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.സഞ്ചാരികൾ ഇതുവരെഅനുഭവിച്ചിട്ടില്ലാത്ത മികച്ച യാത്രാനുഭവമായിരിക്കും റിയാദ് എയർ നൽകുകയെന്ന് അധികൃതർ അറിയിച്ചു. ഈ മാസം ആദ്യം, 79-ാമത് ഐഎടിഎ വാർഷിക പൊതുയോഗത്തിലാണ് സൗദി അറേബ്യയുടെ പുതിയ എയർലൈൻ പ്രഖ്യാപനം നടന്നത്. റിയാദ് എയറിന്റെ ഡിസൈനർ കോഡായി ‘ആർഎക്സ്’ ആണ് അധികൃതർ അനുവദിച്ചിരിക്കുന്നത്.

അതിനിടെ, വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങുന്നതിനു മുന്നോടിയായി സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇക്കണോമിക് ലൈസൻസ് അനുവദിച്ചു. റിയാദ് എയർ വിമാനത്തിന്റെ വിഷ്വൽ ഐഡന്റിറ്റിയും ബാഹ്യരൂപകൽപനയും ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വെച്ചാണ് കമ്പനിക്ക് ലൈസൻസ് അനുവദിച്ചത്. ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിറും സൗദിയിൽ വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രതിനിധികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7