അബുദാബി: യുഎഇയിൽ കോവിഡ് 19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേർ മരിച്ചു. തുടർച്ചയായി നാല് ദിവസം യുഎഇയിൽ മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല. 254 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും 295 പേർ രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി ഗണ്യമായി കുറഞ്ഞുവരികയായിരുന്നു. നിലവിലെ ആകെ രോഗികളുടെ എണ്ണം–61,606. രോഗം ഭേദമായി ആശുപത്രി വിട്ടവർ–55,385. മരണം–353. ആശുപത്രിയിൽ ചികിത്സയിലുള്ളവർ–5,868. ഏപ്രിലിന് ശേഷം ഇൗ മാസം 3ന് യുഎഇയിൽ കോവിഡ് രോഗികളുടെ കാര്യത്തിൽ റെക്കോർഡ് കുറവ് രേഖപ്പെടുത്തിയരുന്നു–164 പേർ.
ജൂലൈ 29ന് രേഖപ്പെടുത്തിയ 375 രോഗികളുടെ നേർപകുതിയിലും കുറവ്. പരിശോധനകൾ വൻതോതിൽ വർധിപ്പിച്ചതാണ് രോഗികൾ കുറയാൻ കാരണമായതെന്നാണ് കരുതുന്നത്. 518 ലക്ഷത്തിലേറെ പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. പ്രവാസികളടക്കം ഒട്ടേറെ പേർക്ക് സൗജന്യമായാണ് പരിശോധന.