റാസൽഖൈമ: യുഎഇയിലെ ഏറ്റവും ഉയരത്തിലുള്ള ഹോട്ടൽ അടുത്തമാസം ഒന്നിനു തുറക്കും. സമുദ്രനിരപ്പിൽ നിന്നു 1,484 മീറ്റർ ഉയരത്തിൽ ജെയ്സ് അഡ്വഞ്ചർ സെന്ററിനു സമീപമാണ് പുതുമകളേറെയുള്ള ഹോട്ടൽ. ഹജർ മലനിരകളുടെയും താഴ് വരകളുടെയും മനോഹര ദൃശ്യങ്ങൾ ആസ്വദിക്കാനാകും. സുരക്ഷിത അകലം പാലിച്ച് ഒരേ സമയം 76 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. റാക് ഹോസ്പിറ്റാലിറ്റി ഹോൾഡിങ്ങിന്റെ അനുബന്ധ സ്ഥാപനമായ റാക് ലീഷറിന്റെ സംരംഭമാണിത്. അൽ മർജാൻ ദ്വീപിലും ജെയ്‌സ് വ്യൂവിങ് ഡെക്ക് പാർക്കിലും റസ്റ്ററന്റുകളുണ്ട്.
ജബൽ ജയ്സ് മലനിരകളിലെത്തുന്ന സഞ്ചാരികൾക്ക് പുതുമകൾ നിറഞ്ഞ അനുഭവമാകും ഹോട്ടൽ സമ്മാനിക്കുകയെന്നു റാക് ഹോസ്പിറ്റാലിറ്റി ഹോൾഡിങ് സിഇഒ: അലിസൺ ഗ്രിനെൽ പറഞ്ഞു.
രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും പ്രവർത്തനം. സാഹസിക വിനോദങ്ങളുടെ കേന്ദ്രം കൂടിയായ ജബൽ ജെയ്സിൽ സന്ദർശകരുടെ എണ്ണം കൂടിവരുകയാണ്. ചൂടു കുറയുന്നതോടെ തിരക്കു കൂടുമെന്നും വ്യക്തം.








































