ന്യൂദല്‍ഹി: ആസ്ട്ര സെനെകയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനിടെ വാക്‌സിന്‍ കുത്തിവെച്ച വളണ്ടിയര്‍ക്ക് ബാധിച്ചത് നാഡീസംബന്ധമായ അസുഖം. അപൂര്‍വ്വവും ഗുരുതരവുമായ നട്ടെല്ലിന്റെ കോശങ്ങളെ ബാധിക്കുന്ന ട്രാന്‍സ് വേഴ്‌സ് മൈലൈറ്റിസ് എന്ന അസുഖമാണ് ബാധിച്ചതെന്ന് സ്റ്റാറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പരീക്ഷണത്തില്‍ പങ്കെടുത്തയാള്‍ സുഖപ്പെടുന്നുണ്ടെന്നും പെട്ടെന്ന് തന്നെ ആശുപത്രി വിടുമെന്ന് ആസ്ട്ര സെനെക സി.ഇ.ഒ പറഞ്ഞു.
അതേസമയം ചൊവ്വാഴ്ച അര്‍ധ രാത്രിയോടെയാണ് മരുന്നിന്റെ ആഗോള പരീക്ഷണം നിര്‍ത്തിവെക്കുതായി ആസ്ട്ര സെനെക അറിയിച്ചത്. എന്നാല്‍ ആസ്ട്ര സെനെക അടുത്തയാഴ്ച പരീക്ഷണങ്ങള്‍ പുനരാരംഭിച്ചേക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നു.
അതേസമയം ഈ റിപ്പോര്‍ട്ടിനോട് ആസ്ട്ര സെനെക ഇതുവരെ പ്രതികരിച്ചിട്ടില്ല. രോഗമുണ്ടായത് വാക്‌സിന്റെ പാര്‍ശ്വഫലം കൊണ്ടാണെന്ന സൂചനകളുയരുന്നുണ്ട്. ഇതേക്കുറിച്ച് വിശദമായി പഠിച്ച ശേഷമാകും പരീക്ഷണം തുടരുകയെവന്നും റിപ്പോര്‍ട്ടുകളുണ്ട്.
പരീക്ഷണം നിര്‍ത്തിവെച്ചതില്‍ ആശങ്ക വേണ്ടെന്നും സാധാരണ നടപടിക്രമമാണെന്നും ആസ്ട്ര സെനെക നേരത്തെ അറിയിച്ചിരുന്നു.
പരീക്ഷണത്തില്‍ പങ്കെടുക്കുന്ന വളണ്ടിയര്‍മാരുടെ സുരക്ഷ പ്രധാനമാണെന്നും അതുകൊണ്ട് തന്നെ പ്രത്യേക ടീം ഇതേക്കുറിച്ച് പഠിക്കുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.