ലണ്ടൻ: തൊലിപ്പുറത്തെ തടിപ്പും കോവിഡിന്റെ ലക്ഷണമാണെന്ന് ലണ്ടൻ കിംങ്സ് കോളജിലെ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തൽ. പനി, തുടർച്ചയായ ചുമ എന്നിവയ്ക്കു പുറമേ മണവും രുചിയും നഷ്ടപ്പെടുന്നതും കോവിഡിന്റെ ലക്ഷണമാണെന്ന് നേരത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇത് ലോകാരോഗ്യ സംഘടന അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബ്രിട്ടനിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ തൊലിപ്പുറത്തെ തടിപ്പും ചിലരിൽ കോവിഡിന്റെ ലക്ഷണങ്ങളാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കോവിഡ് പോസിറ്റീവായി കണ്ടെത്തിയ 8.8 ശതമാനം പേരിൽ ഈ ലക്ഷണം പ്രകടമായിരുന്നു എന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. എൻഎച്ച്എസ് അംഗീകരിച്ചിട്ടുള്ള കോവിഡ് ലക്ഷണങ്ങളുടെ ലിസ്റ്റിൽ ഇത് ഉടൻ ഉൾപ്പെടുത്തണമെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ മരിയോ ഫാൽച്ചിയുടെ നേതൃത്വത്തിലുള്ള പഠനസംഘം സർക്കാരിനോട് അഭ്യർഥിച്ചു.
ഇതിനിടെ കോവിഡ് ഏറെ ദുരന്തം വിതച്ച ബ്രിട്ടനിൽ ആശ്വാസത്തിന്റെ തുരുത്തായി മാറുകയാണ് സ്കോട്ട്ലൻഡ്. തുടർച്ചയായ ഏഴാം ദിവസവും സ്കോട്ട്ലൻഡിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ദിവസേന രോഗികളാകുന്നവരുടെ എണ്ണവും അൻപതിൽ താഴെയാണ്. ഏറെക്കുറെ സമാനമായ സാഹചര്യമാണ് നോർത്തേൺ അയർലൻഡിലും. ഒരാഴ്ചയ്ക്കിടെ അഞ്ചുമരണങ്ങൾ മാത്രമേ ഇവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
ബ്രിട്ടനിലാകെ ദിവസേനയുള്ള കോവിഡ് മരണം ശരാശരി നൂറിൽ താഴെയായി. 85 മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഔദ്യോഗിക മരണസംഖ്യ 45,053 ആയി.
രാജ്യത്തെ കോവിഡ് വ്യാപനത്തെക്കുറിച്ചു സ്വതന്ത്രമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ പാർലമെന്റിൽ ഉറപ്പു നൽകി. ഇപ്പോൾ അന്വേഷണത്തിന് പറ്റിയ സമയമല്ലെന്നും കാര്യങ്ങൾ മനസിലാക്കാൻ ഭാവിയിൽ ഉറപ്പായും അന്വേഷണം ഉണ്ടാകുമെന്നും ബോറിസ് പറഞ്ഞു. രോഗം വ്യാപനവും മരണനിരക്കും തടയുന്നതിൽ സർക്കാരിനുണ്ടായ വീഴ്ചയുൾപ്പെടെയുള്ള വിഷയങ്ങളിൽ ഉടൻ സ്വതന്ത്ര അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിച്ചില്ല.