gnn24x7

264 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലം ഉദ്ഘാടനം കഴിഞ്ഞ് 29ാം ദിവസം തകർന്നടിഞ്ഞു

0
196
gnn24x7

പട്ന: 264 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലം ഉദ്ഘാടനം കഴിഞ്ഞ് 29ാം ദിവസം തകർന്നടിഞ്ഞു. ബിഹാറിലാണ് സംഭവം. ബിഹാറിലെ ഗോപാൽഗഞ്ചിൽ നിന്നും ചംപരണിലേക്ക് ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് കനത്ത മഴയ്ക്ക് പിന്നാലെ തകർന്നത്.

29 ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലം ഉദ്ഘാടനം ചെയ്തത്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. 2012 ൽ ആരംഭിച്ച പാലത്തിന്റെ നിർമാണം എട്ട് വർഷമെടുത്താണ് പൂർത്തീകരിച്ചത്. ജൂൺ 16 നാണ് പാലം യാത്രക്കാർക്കായി തുറന്നുകൊടുത്തത്.

ഗന്ധക് നദിക്ക് കുറുകേയാണ് പാലം നിർമിച്ചത്. കനത്ത മഴയെ തുടർന്ന് ഗന്ധക് നദിയിലെ കുത്തൊഴുക്കിൽ പാലത്തിന്റെ ഒരു ഭാഗം തകർന്നു പുഴയിലേക്ക് വീഴുകയായിരുന്നു. കനത്ത മഴയിൽ ബീഹാറിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. നേപ്പാളിലും ശക്തമായ മഴ തുടരുന്നത് ബിഹാറിലെ വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാക്കുന്നു.

അതേസമയം, ഉദ്ഘാടനം കഴിഞ്ഞ് 29ാം ദിവസം കോടികൾ ചെലവഴിച്ച് നിർമിച്ച പാലം തകർന്നത് ബിഹാറിൽ വിവാദങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്.

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ 263.47 കോടി ചെലവിട്ട് നിർമിച്ച പാലം തകർന്നു വീണതിൽ പാവം എലികളെ പഴിക്കരുതെന്നാണ് ബിഹാറിലെ കോൺഗ്രസ് നേതാവ് മദൻ മോഹൻ ഝായുടെ ട്വീറ്റ്.

പാലങ്ങളിൽ എലികൾ മാളങ്ങൾ തീർക്കുന്നത് ബലക്ഷയത്തിന് കാരണമാകുന്നുവെന്ന് 2017 ൽ നിതീഷ് കുമാറിന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി പ്രസ്താവന നടത്തിയിരുന്നു. ഈ പരാമർശത്തെ പരിഹസിച്ചാണ് നേതാക്കൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

പിടികൂടിയ മദ്യക്കുപ്പികള്‍ സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍നിന്ന് അപ്രത്യക്ഷമാകുന്നതിനു പിന്നിലും എലികളാണെന്ന പോലീസിന്റെ വാദവും വിവാദമായിരുന്നു. രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവും ഇതിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

കോടികൾ ചെലവഴിച്ച് നിർമിച്ച പാലം തകർന്നതിൽ അഴിമതി ആരോപിക്കേണ്ടതില്ലെന്നും ബിഹാറിലെ എലികൾ 263 കോടി രൂപയേക്കാൾ വില വരുന്ന മദ്യം കുടിച്ചു തീർത്തിട്ടുണ്ടെന്നുമായിരുന്നു തജസ്വി യാദവിന്റെ ട്വീറ്റ്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here