മോസ്കോ: നേരിയ കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് നൽകാനായി ഫാർമസികൾ വഴി മരുന്ന് വിൽക്കാൻ റഷ്യയിൽ അനുമതി. റഷ്യൻ മരുന്ന് കമ്പനിയായ ആർ- ഫാമിന്റെ കൊറോണവിർ എന്ന ആന്റിവൈറൽ മരുന്നിനാണ് അനുമതി നൽകിയിരിക്കുന്നത്.ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് ഇത്തരത്തിൽ ആശുപത്രികൾക്ക് പുറത്തേക്ക് മരുന്ന് എഴുതി നൽകി വാങ്ങാനുള്ള അനുവാദം ലഭിക്കുന്നത്.
ഡോക്ടർമാരുടെ കുറിപ്പ് ഉപയോഗിച്ച് റഷ്യയിൽ ഇനി ഈ മരുന്ന് വാങ്ങാനാകും.ജപ്പാനിൽ വികസിപ്പിച്ച ഫാവിപിറാവിർ എന്ന മരുന്നിനെ അടിസ്ഥാനമാക്കി നിർമിച്ചതാണ് കൊറോണവിർ. ലോകത്ത് ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും കോവിഡ് രോഗികൾക്ക് ഫാവിപിറാവിർ മരുന്ന് നൽകുന്നുണ്ട്. എന്നാൽ അത് ആശുപത്രിയിൽ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാറുള്ളു. എന്നാൽ റഷ്യയിൽ ഇത്തരമൊരു മരുന്ന് ഔട്ട് പേഷ്യൻസ് വിഭാഗത്തിനും നൽകാമെന്ന അനുവാദമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇന്ത്യയിൽ ലൂപിൻ, സിപ്ല, ഡോക്ടർ റെഡ്ഡീസ് എന്നീ മരുന്നുകന്പനികൾ ഫാവിപിറാവറിന്റെ ജെനറിക് മരുന്നുകൾ നിർമിക്കുന്നുണ്ട്.