gnn24x7

മഴക്കാലത്തെ പ്രതിരോധശേഷിക്ക് ശീലമാക്കൂ ഇവ

0
333
gnn24x7

ഒരു മണ്‍സൂണ്‍ കാലത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. മഴയുടെ സൗന്ദര്യം കണ്ണിനും മനസ്സിനും കുളിര്‍മ്മയാണെങ്കിലും ആരോഗ്യത്തിന് അത്ര സുഖമുള്ള അവസ്ഥയല്ല. മിക്ക അസുഖങ്ങളും തല പൊക്കുന്നത് മഴക്കാലത്താണ് പ്രത്യേകം പറയേണ്ടതില്ലല്ലോ. മഴയില്‍ കുതിര്‍ന്ന നനുത്ത അന്തരീക്ഷത്തില്‍ അസുഖങ്ങള്‍ പടരാനും അധികനേരം വേണ്ട. മിക്കവരിലും ജലദോഷം, വൈറല്‍ പനി, ചുമ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ മഴക്കാലത്ത് കണ്ടുവരുന്നു. കത്തുന്ന ചൂടില്‍ നിന്ന് മാറി നേരിയ കാറ്റിന്റെയും തണുത്ത സായാഹ്നത്തിന്റെയും അന്തരീക്ഷത്തിലേക്ക് നാം നീങ്ങുമ്പോള്‍, താപനിലയിലെ ഈ മാറ്റവുമായി പൊരുത്തപ്പെടാന്‍ നമ്മുടെ ശരീരം കുറച്ച് സമയമെടുക്കും. അതിനാല്‍, കാലാനുസൃതമായ ഈ മാറ്റത്തില്‍ നമ്മുടെ പ്രതിരോധശേഷി സാധാരണയേക്കാള്‍ കുറവായി മാറിന്നു. ഇത് പല വൈറല്‍ അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യതക്കും കാരണമാകുന്നു.

വായുവിലെ ഈര്‍പ്പം ബാക്ടീരിയകള്‍ക്കും സൂക്ഷ്മാണുക്കള്‍ക്കും യഥേഷ്ടം വളരാനും സഞ്ചരിക്കാനുമുള്ള അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഇത് നമ്മെ ആരോഗ്യപരമായി കൂടുതല്‍ ദുര്‍ബലരാക്കുന്നു. ഇതില്‍ നിന്നൊക്കെ നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല പോംവഴി നിങ്ങളുടെ ഭക്ഷണക്രമത്തിലൂടെ നിങ്ങളെ ശക്തിപ്പെടുത്തുന്ന ഘടകങ്ങള്‍ നേടുക എന്നതാണ്. ഇതുവഴി മണ്‍സൂണ്‍ ദുരിതങ്ങളില്‍ നിന്ന് നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ക്ക് ഒരു അളവുവരെ സംരക്ഷിച്ചു നിര്‍ത്താനാവുന്നു. മെച്ചപ്പെട്ട രോഗപ്രതിരോധത്തിനും ശക്തിക്കും വേണ്ടി മഴക്കാലത്ത് നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട ചില ആയുര്‍വേദ സസ്യങ്ങള്‍ ഇതാ.

തുളസി

തുളസി ഇലകള്‍ പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളും അത്ഭുതകരമായ രീതിയില്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നവയുമാണ്. ഇന്ത്യയില്‍ പലരും തുളസി ചെടിയെ പവിത്രമായി കണക്കാക്കുന്നതും അതിന്റെ രോഗശാന്തി ഗുണങ്ങള്‍ കാരണമാണ്. കഫം നക്കാന്‍ സഹായിച്ച് ചുമയെ അകറ്റാനുള്ള കഴിവുണ്ട് തുളസിക്ക്. ആരോഗ്യകരമായ രോഗപ്രതിരോധത്തെ ക്രമപ്പെടുത്തുകയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു. മഴക്കാലത്ത് സാധാരണയായി തൊണ്ട, മൂക്ക്, ശ്വാസകോശം എന്നിവയില്‍ നനവ് അനുഭവപ്പെടുന്നു. മഴക്കാലത്ത് ദിവസവും തുളസി കഴിക്കുന്നത് നനവ് കുറയ്ക്കുകയും ശ്വാസകോശം വൃത്തിയാക്കുയും ചെയ്യും. തുളസി നിങ്ങള്‍ക്ക് ഇവകള്‍ ചവച്ച് നേരിട്ടോ, വെള്ളം തിളപ്പിച്ചോ, ചായയില്‍ തുളസി ഇലകള്‍ ചേര്‍ത്തോ കഴിക്കാം.

ത്രിഫല

പേര് സൂചിപ്പിക്കുന്നതുപോലെ ഒരൊറ്റ ഔഷധസസ്യമല്ല ത്രിഫല, മറിച്ച് മൂന്ന് സസ്യങ്ങളുടെ സംയോജനമാണിത്. അതായത് നെല്ലിക്ക, കടുക്ക, താന്നി എന്നിവ ചേര്‍ത്തുണ്ടാക്കുന്നതാണ് ത്രിഫല. ആയുര്‍വേദക്കൂട്ടുകളിലെ മിക്ക മരുന്നുകളിലെയും പ്രധാന ചേരുവയാണ് ത്രിഫല. ത്രിഫലചൂര്‍ണ്ണം നിരവധി രോഗങ്ങളെ ചികിത്സിക്കാന്‍ ഉപയോഗിച്ചു വരുന്നു. കണ്ണ്, മൂക്ക്, ചെവി തുടങ്ങിയവയുടെ പ്രശ്‌നങ്ങള്‍ക്ക് ത്രിഫല തുള്ളിമരുന്നായും ഉപയോഗിക്കുന്നു. തൊണ്ട സംബന്ധമായ അസുഖങ്ങള്‍ക്ക് ത്രിഫല കവിള്‍ കോളുന്നത് ഉത്തമമാണ്. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടുതലായതിനാല്‍ ശരീരത്തിന്റെ ദഹന ശേഷി കുറയുന്നു. അത്തരം സമയങ്ങളില്‍, ത്രിഫലയുടെ ഉപഭോഗം ദഹന പ്രക്രിയകളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്നു. നല്ല ദഹനത്തിനായി നിങ്ങളുടെ ഭക്ഷണത്തിന് മുമ്പ് ഒരു സ്പൂണ്‍ ത്രിഫല കഴിക്കുന്നത് ഉത്തമമാണ്.

അശ്വഗന്ധ

നാഡീവ്യവസ്ഥ, എന്‍ഡോക്രൈന്‍ ഗ്രന്ഥികള്‍, രോഗപ്രതിരോധ ശേഷി എന്നിവയ്ക്കിടയില്‍ ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ അശ്വഗന്ധ പ്രധാന പങ്കുവഹിക്കുന്നു. ശരീരത്തിലെ ദീര്‍ഘകാല സമ്മര്‍ദ്ദത്തിന്റെ ദോഷകരമായ ഫലങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും അശ്വഗന്ധ പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിലെ ഊര്‍ജ്ജം പ്രോത്സാഹിപ്പിക്കുന്നതിനു പ്രസിദ്ധമാണ് അശ്വഗന്ധ. മഴക്കാലത്ത്, നിങ്ങള്‍ക്ക് ജലദോഷമോ ചുമയോ ബാധിച്ചാല്‍ അത് ഊര്‍ജ്ജത്തെ പ്രതികൂലമായി ബാധിച്ച് ബലഹീനതയ്ക്കും ക്ഷീണത്തിനും കാരണമാകുന്നു. ഈ സമയത്ത് അശ്വഗന്ധം നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നതിന് ഒരു ടീസ്പൂണ്‍ അശ്വഗന്ധപ്പൊടി വെള്ളത്തില്‍ കലക്കി നിങ്ങള്‍ക്ക് ദിവസവും രാവിലെ കഴിക്കാം. രാത്രിയില്‍ പാലും തേനും ചേര്‍ത്ത് അശ്വഗന്ധ കഴിക്കുന്നത് മികച്ച ഉറക്കവും നേടിത്തരുന്നു.

ചിറ്റമൃത്

അണുബാധയ്ക്കുള്ള ഒരു വീട്ടുവൈദ്യമായി ചിറ്റമൃത് പലപ്പോഴും ഉപയോഗിക്കുന്നു. അണുബാധയ്‌ക്കെതിരെ പോരാടുന്ന സംരക്ഷിത വെളുത്ത രക്താണുക്കളുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. പലതരം പനികള്‍ക്കും മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും ആയുര്‍വേദത്തില്‍ ചിറ്റമൃത് ശുപാര്‍ശ ചെയ്യുന്നു. ഇവ ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അസുഖങ്ങളില്‍ നിന്ന് നേരത്തേ സുഖം പ്രാപിക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. മഴക്കാലത്ത് ബാക്ടീരിയകളും അണുക്കളും വര്‍ദ്ധിക്കുമ്പോള്‍, അണുബാധകള്‍ക്കും അലര്‍ജികള്‍ക്കും അടിമപ്പെടാനുള്ള സാധ്യത സാധാരണമാണ്. അതിനാല്‍ ആന്റിഇന്‍ഫെക്റ്റീവ് ചികിത്സയ്ക്ക് പേരുകേട്ട ചിറ്റമൃത് ബാക്ടീരിയകള്‍ക്കും അണുക്കള്‍ക്കുമെതിരെ പോരാടി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മഴക്കാലത്ത് ഉത്തമമാണ്.

മല്ലി

അന്തരീക്ഷത്തിലെ മാറ്റം കാരണം നിങ്ങളുടെ ദഹനം ദുര്‍ബലമാകുന്നതുമാണ് അസിഡിറ്റി അവസ്ഥയില്‍ എത്തുകയും പിത്ത ദോഷം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാവുകയയും ചെയ്യുന്നു. ഈ സമയം മല്ലിയില നിങ്ങള്‍ക്ക് രക്ഷയ്ക്കായി ഉപയോഗിക്കാം. മല്ലി ഇല നിര്‍ജ്ജലീകരണം പ്രോത്സാഹിപ്പിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു. മഴക്കാലത്ത് കോശജ്വലന അവസ്ഥയില്‍ നിന്നും അവ നിങ്ങളെ സംരക്ഷിക്കുന്നു.

വേപ്പ്

നിങ്ങളുടെ പിത്ത ദോഷത്തെ സന്തുലിതമാക്കുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വേപ്പ് മികച്ച ഔഷധ സസ്യമാണ് വേപ്പിലെ കയ്പ്പ് ഔഷധ ഗുണങ്ങള്‍ നല്‍കുന്നു. അണുബാധകള്‍ക്കെതിരെ പോരാടാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിന് വേപ്പ് ഗുണം ചെയ്യുന്നു. കുറച്ച് വേപ്പിലകള്‍ ചതച്ചിട്ട് ദിവസവും രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നിങ്ങള്‍ക്ക് പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here