തിരുവനന്തപുരത്തു നിന്നുള്ള എട്ട് വിനോദ സഞ്ചാരികള്‍ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിക്കാനിടയായ സംഭവത്തില്‍ വില്ലനായത് കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി. കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷവാതകം ആളുകളുടെ മരണത്തിനിടയാക്കുന്ന നിര്‍ഭാഗ്യകരമായ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമല്ല. ഡീസല്‍ ജനറേറ്ററുകള്‍, ഗ്യാസ് ഹീറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയില്‍ നിന്ന് ഈ വിഷപുക ശ്വസിച്ച് ആളുകള്‍ മരിച്ച നിരവധി സംഭവങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ മുമ്പുണ്ടായിട്ടുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡ് എന്നാലെന്ത്? ഈ വാതകം അപകടകാരിയാകുന്നത് എങ്ങിനെ? അപകടം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നതിനെക്കുറിച്ച് നമുക്ക് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.
മണവും നിറവുമില്ല
കാര്‍ബണിന്റെയും ഓക്‌സിജന്റെയും കൂടിച്ചേര്‍ന്ന രൂപമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. മറ്റു പല വാതകങ്ങളും പോലെയല്ല കാര്‍ബണ്‍ മോണോക്‌സൈഡ്. ഇത് ശ്വസിക്കുന്നത് മാരകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം. ഈ വാതകത്തിന് മണവും നിറവുമില്ലായെന്നതും കൂടുതല്‍ അപകടകരമാക്കുന്നു. അതിനാല്‍ എവിടെയെങ്കിലും ചോര്‍ച്ചയുണ്ടായാല്‍ ആളുകള്‍ അത് ശ്വസിക്കുന്നുവെന്ന് പോലും മനസിലാക്കാനാവില്ല. ഉറക്കത്തിലോ ലഹരിയുടെ പിടിയിലോ ഉള്ള ആളുകള്‍ക്ക് കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ഏറെ അപകടകരമാണ്. വിഷവാതകം ഉള്ളിലെത്തിയെന്ന് മനസിലാക്കാനുള്ള സ്വബോധം ഇല്ലാതെ മസ്തിഷ്‌ക ക്ഷതം സംഭവിച്ച് മരിക്കുന്നതാണ്.
ജ്വലനത്തിന്റെ ഉപോല്‍പ്പന്നം
ജ്വലനത്തിന്റെ ഉപോല്‍പ്പന്നമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. ഗാര്‍ഹിക ഉല്‍പന്നങ്ങളായ ഗ്യാസ് ഹീറ്ററുകള്‍, പോര്‍ട്ടബിള്‍ ജനറേറ്ററുകള്‍, ഗ്യാസ് തീചൂളകള്‍ എന്നിവയ്ക്ക് ഈ വിഷവാതകം പുറംതള്ളാന്‍ കഴിയും. ഇത്തരം ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാധാരണയായി ഇത് ഉല്‍പാദിപ്പിക്കപ്പെടാറുണ്ട്. എന്നാല്‍ ഇത് ചോരുന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. പഴകിയ വാഹനങ്ങളില്‍ നിന്നും ഈ വാതകം പുറംതള്ളപ്പെടുന്നുണ്ട്. വാഹനങ്ങളില്‍ എ.സി പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങുന്നവരും അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്.

കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാല്‍ ശരീരത്തിന് ഓക്സിജന്‍ ആഗിരണം ചെയ്യാനുള്ള കഴിവു നഷ്ടപ്പെടുന്നു. അടഞ്ഞുകിടക്കുന്ന മുറികളില്‍ വായുസഞ്ചാരം കുറവായതിനാല്‍ വാതകം നിറയുന്നത് അപകടനില കൂടുതല്‍ ഗുരുതരമാക്കുന്നു. കാര്‍ബണ്‍ മോണോക്‌സൈഡ് ഒരു മനുഷ്യന്റെ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍, അത് ഓക്‌സിജന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. അതിന്റെ ഫലമായി ശരീരം ഓക്‌സിജനെ നഷ്ടപ്പെടുത്തി നമ്മുടെ ജീവനെടുക്കുന്നു. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വ്യക്തിക്ക് നേരിയ തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെടാം. കൂടാതെ സന്തുലിതാവസ്ഥയും നഷ്ടപ്പെടാം. കാര്‍ബണ്‍ മോണോക്‌സൈഡ് ശരീരത്തില്‍ കടന്നാലുള്ള രോഗലക്ഷണങ്ങള്‍ മിതമായതോ കഠിനമോ ആകാം.
അപകടം ഉണ്ടാവുന്നത് എങ്ങിനെ?
ഓക്‌സിജനുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാര്‍ബണ്‍ മോണോക്‌സൈഡിന് ഹീമോഗ്ലോബിനോട് 240 മടങ്ങ് കൂടുതല്‍ ബന്ധമുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡ് ശരീരത്തിലെത്തിയാല്‍ രക്തത്തില്‍ ഹീമോഗ്ലോബിനില്‍ പകരം ഈ വിഷവാതകം കൂടിച്ചേരുകയും ഓക്സിജന്റെ അഭാവം മരണകാരണം ആവുകയും ചെയ്യുന്നു. എത്ര മാത്രം കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്ളിലെത്തുന്നു എന്നതിനനുസരിച്ചാണ് വിഷത്തിന്റെ തീവ്രത തീരുമാനിക്കപ്പെടുന്നത്.
സാധാരണയായി അപകടനില എത്തിയാല്‍ വ്യക്തിക്ക് തലവേദന, തലചുറ്റല്‍, ഛര്‍ദ്ദി എന്നിവയൊക്കെ അനുഭവപ്പെടാം. വിഷവാതകത്തിന്റെ അളവ് അല്‍പം കൂടിയാല്‍ പത്തു മിനിറ്റിനകം അബോധാവസ്ഥയിലാകും. ഏറ്റവും അവസാനമായി ഇത് മരണത്തിലേക്കും തള്ളിവിടുന്നു. ഈ വാതകം എത്ര സമയം ശ്വസിക്കുന്നു എന്നതും അപകടത്തിന്റെ അളവ് കൂട്ടുന്നതാണ്. അപകടം സംഭവിക്കുന്നുവെന്ന് ബോധ്യം വന്നാലുടനെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍
കാര്‍ബണ്‍ മോണോക്‌സൈഡ് വിഷത്തിന്റെ ലക്ഷണങ്ങള്‍ എങ്ങനെ അറിയാം? സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(സി.ഡി.സി) അനുസരിച്ച് കാര്‍ബണ്‍ മോണോക്‌സൈഡ് വിഷത്തിന്റെ ലക്ഷണങ്ങള്‍ ഫ്‌ളൂ പോലെയാണ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഹൃദയമിടിപ്പിലെ മാറ്റം, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, അമിതവും പെട്ടെന്നുള്ള തലകറക്കവും എന്നിവ പോലുള്ള പെട്ടെന്നുള്ള മാറ്റങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക.
വ്യക്തിക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമേ അനുഭവപ്പെടുകയുള്ളൂവെങ്കില്‍ നിങ്ങള്‍ നില്‍ക്കുന്ന ചുറ്റുപാടിലെ എല്ലാ ഗ്യാസ് ഹീറ്ററുകളും, എ.സികളും, വാതകം പുറപ്പെടുവിക്കുന്ന മറ്റു വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്യുക. മികച്ച വായുസഞ്ചാരത്തിനായി ജനലുകളും വാതിലുകളും തുറന്നു വയ്ക്കുക.