കോർക്ക് : കോർക്ക് സീറോ മലബാർ ചർച്ച് കമ്യൂണിറ്റിയുടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് മെയ് 18 ഞായറാഴ്ച 2:30 നു ഫാ. ജിൽസൺ കോക്കണ്ടത്തിൽ കൊടിയുയർത്തും. വിൽട്ടൺ സെൻറ് ജോസഫ് ദൈവാലയത്തിൽ പ്രസുദേന്തി വാഴ്ച, തിരുനാൾ എൽപിക്കൽ എന്നിവയോടുകൂടി ആരംഭിക്കുന്ന തിരുനാൾ തിരുകർമ്മങ്ങൾക്കും ആഘോഷമായ തിരുനാൾ കുർബാനക്കും സിറോ മലബാർ സഭയുടെ അയലണ്ട് നാഷണൽ കോ-ഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട് മുഖ്യകാർമികനായിരിക്കും. കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ മെത്രാൻ മാർ ഫിൻറൻ ഗാവിൻ തിരുനാൾ തിരുക്കർമ്മങ്ങളിലും പ്രദക്ഷിണത്തിലും മഹനീയ സാന്നിദ്ധ്യമായിരിക്കും.
ഫാ. പോൾ തെറ്റയിലിൻ്റെ കാർമ്മികത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തും. കഴുന്ന് നേർച്ച നടത്താനും വിശുദ്ധരെ വണങ്ങുവാനും ഉള്ള പ്രത്യേക സൗകര്യം ക്രമീകരിക്കും. ആദ്യകുർബാന സ്വീകരണം നടത്തിയ കുട്ടികൾ തുവെള്ള വസ്ത്രങ്ങളിൽ മാലാഖമാരെപോലെ അണിനിരക്കും. റിഥം ചെണ്ടമേളം ബാലിനസോൾ,ഒരുക്കുന്ന മനോഹരമായ ചെണ്ടമേളം പരമ്പരാഗത കേരളത്തനിമയാർന്ന തിരുന്നാൾ പ്രദക്ഷിണത്തെ ഇമ്പമാർന്നതാക്കും. തിരുനാളിനുവേണ്ടി പ്രത്യേകം തയ്യാറാക്കുന്ന സ്നേഹവിരുന്ന് സ്വീകരിച്ചുകൊണ്ട് സമുഹമൊന്നാകെ സ്നേഹവും സാഹോദര്യവും കൂട്ടായ്മയും പങ്കുവയ്ക്കും.
കൈക്കാരൻമാരായ സിബിൻ, സജി, ജോബിൻ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങൾ വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു.
പരിശുദ്ധ കന്യകാമറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, വി. തോമാസ്ലീഹായുടെയും, വി. അൽഫോൻസായുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കാനും, തുടർന്ന് നടത്തുന്ന സ്നേഹവിരുന്നിലും കൂട്ടായ്മയിലും പങ്കുചേരുവാനും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ ചർച്ച് കമ്യൂണിറ്റി ചാപ്ലിൻ ഫാ. ജിൽസൺ കോക്കണ്ടത്തിൽ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb




































