അയർലണ്ട്: ഇന്നലെ രാത്രിയോടെ അയര്‍ലണ്ടില്‍ വീശിയ Eunice കൊടുങ്കാറ്റിനെ തുടർന്ന് രാജ്യം മുഴുവനും കനത്ത ജാഗ്രത ഏർപ്പെടുത്തി. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ വരെ എത്തിയേക്കാവുന്ന അതിശക്തമായ കാറ്റിനൊപ്പം, കനത്ത മഴയും മഞ്ഞും കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എന്നിരുന്നാലും സ്വയം കരുതലുണ്ടാകണമെന്ന് ജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. Euniceനെ ‘ഹ്രസ്വവും മൂര്‍ച്ചയുള്ളതും എന്നാല്‍ വളരെ തീവ്രവുമായ കൊടുങ്കാറ്റ്’ എന്നാണ് Met Éireann വിശേഷിപ്പിച്ചത്.
Cork, Kerry, Clare, Waterford,എന്നിവിടങ്ങളില്‍ സ്റ്റാറ്റസ് റെഡ് അലേര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. Cork, Kerry, Clare എന്നിവിടങ്ങളിലെ മുന്നറിയിപ്പ് വെള്ളിയാഴ്ച പുലര്‍ച്ചെ 3 മുതല്‍ രാവിലെ 8 വരെ തുടരുമ്പോള്‍ Waterfordനുള്ള മുന്നറിയിപ്പ് രാവിലെ 7 മുതല്‍ 11 വരെയും നിലനിൽക്കും. മരങ്ങള്‍ ഒടിഞ്ഞു വീഴാനും, അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങളുള്ളതുമായ മേഖലകളില്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.Donegal, Mayo, Roscommon എന്നിവിടങ്ങളില്‍ സ്റ്റാറ്റസ് ഓറഞ്ച് SNOW മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. ഈ കൗണ്ടികളിലുള്ളവര്‍ക്ക് കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മുതല്‍ വൈകീട്ട് മൂന്ന് വരെയായിരിക്കും മുന്നറിയിപ്പ് നിലനിൽക്കുക.
സ്റ്റാറ്റസ് റെഡ് ഏരിയയിലാണെങ്കില്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരാനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള അവരുടെ യാത്രകള്‍ വൈകിപ്പിക്കാനും മുന്നറിയിപ്പ് നല്‍കി. മറ്റു കൗണ്ടികളിലുള്ളവര്‍ റെഡ് അലേര്‍ട്ടുള്ള കൗണ്ടികളിലേക്കുള്ള യാത്രയും ഒഴിവാക്കണം. റെഡ്- ഓറഞ്ച് മുന്നറിയിപ്പുകള്‍ നിലവിലുള്ള ഒന്‍പത് കൗണ്ടികളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കും. റെഡ് അലര്‍ട്ടുള്ള കൗണ്ടികളില്‍ ബസ് എറാന്‍ സര്‍വീസുകൾ ഇന്ന് ഉണ്ടാവുകയില്ല. എന്നാൽ എല്ലാ കൗണ്ടികളിലും റെയില്‍ സര്‍വീസുകള്‍ തുടരും. പ്രാദേശിക അപ്ഡേറ്റുകള്‍ക്കായി ട്വിറ്ററില്‍ @Irishrail പരിശോധിക്കാന്‍ ഉപഭോക്താക്കളോട് റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നൽകി.







































