gnn24x7

മഹാമാരി പൂർണമായും മാറിയിട്ടില്ല; ഇളവുകളിൽ മിതത്വം പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

0
290
gnn24x7

ജനീവ: ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിലുണ്ടായ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരുന്നതിന്റെ ആശ്വാസത്തിലാണു ലോകം. എന്നാൽ കൊറോണ വൈറസിന്റെ രൂപാന്തരമായ ഒമിക്രോണിന്റെ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ് നൽകിയിരിക്കുകയാണു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). പല രാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണു മുന്നറിയിപ്പ്.

‘കൊറോണ വൈറസ് രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒമിക്രോണിനുതന്നെ പല ഉപവിഭാഗങ്ങളുണ്ട്. അതിനെ ഞങ്ങൾ പിന്തുടരുകയും പഠിക്കുകയുമാണ്. ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലോകമാകെ വ്യാപിച്ച ഡെൽറ്റ വകഭേദത്തേക്കാൾ, കൂടിയ തോതിലാണ് ഒമിക്രോണിന്റെ സാന്നിധ്യം. ബിഎ.1 ആണു കൂടുതലും കാണുന്നത്. ബിഎ.2 സാന്നിധ്യവും വർധിക്കുകയാണ്. ബിഎ.2ന് കൂടുതൽ വ്യാപനശേഷിയുണ്ട്. എത്രമാത്രം ശ്രദ്ധിക്കണം എന്നാണിതു കാണിക്കുന്നത്.’– ഡബ്ല്യുഎച്ച്ഒയിലെ കോവിഡ് ടെക്നിക്കൽ ലീഡ് മരിയ വാൻ കെർക്കോവ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച മാത്രം 75,000 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു എന്ന കുറിപ്പോടെയാണു മരിയ വാൻ കെർക്കോവിന്റെ പ്രസ്താവനയുടെ വിഡിയോ ഡബ്ല്യുഎച്ച്ഒ ട്വിറ്ററിൽ പങ്കിട്ടത്. ഒമിക്രോൺ വലിയ അപകടകാരിയല്ലെന്ന ശാസ്ത്രജ്ഞരുടെ റിപ്പോർട്ടുകൾക്കു പിന്നാലെ ലോകരാജ്യങ്ങൾ നിയന്ത്രണങ്ങൾ എടുത്തുകളയുന്നതിനെ ഡബ്ല്യുഎച്ച്ഒ എതിർത്തു. ‘സാധാരണ നിലയിലേക്കു മടങ്ങാനുള്ള ആഗ്രഹത്തെയും സമ്മർദത്തെയും ഞങ്ങൾ മനസ്സിലാക്കുന്നു. പക്ഷേ, മഹാമാരി പൂർണമായും മാറിയില്ലെന്നതു കണക്കിലെടുക്കണം. നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ മിതത്വം പാലിക്കണം’– ഡബ്ല്യുഎച്ച്ഒ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ മൈക്ക് റയാൻ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here