gnn24x7

പരമ്പര: ‘ഇന്ത്യയല്ല അയർലണ്ടാണ്..’ കുട്ടികൾക്ക് മിഠായി നൽകിയതിന് പുലിവാൽ പിടിച്ച് മലയാളി യുവാവ്

0
877
gnn24x7

ഉന്നത പഠനവും മികച്ച ജോലി സാഹചര്യങ്ങളും സ്വപ്നം കണ്ടാണ് ഓരോ ഇന്ത്യക്കാരും വിദേശ രാജ്യങ്ങളിലേക്ക് ചെക്കേറുന്നത്. കോവിഡ് കാലത്തിനു പിന്നാലെ വിദേശ കുടിയേറ്റത്തിൽ റെക്കോർഡ് വർധനയാണ് ഓരോ വർഷവും രേഖപ്പെയെടുത്തുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യക്കാരുടെ വിദേശ സ്വപ്നം തകർക്കുന്ന എമിഗ്രേഷൻ നിബന്ധനകളാണ് വികസിത രാജ്യങ്ങൾ എല്ലാം കൈക്കൊള്ളുന്നത്. സ്വദേശി വത്കരണത്തിനു അപ്പുറം സാംസ്കാരികവും സാമൂഹികവുമായി നിരവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്.വിദേശ രാജ്യങ്ങളിലെത്തിയ ഇന്ത്യൻ പൗരന്മാരുടെ സാമൂഹിക ഇടപെടലുകളും പ്രവർത്തികളും പലപ്പോഴും കടുത്ത വിമർശനങ്ങളാണ് നേരിടുന്നത്.

ഇന്ത്യയിൽ ശീലിച്ചു പോരുന്ന സാമൂഹിക വ്യവസ്ഥിതി വിദേശ രാജ്യങ്ങളിൽ എത്തിയും പിന്തുടരാൻ ശ്രമിക്കുമ്പോൾ അത് രാജ്യത്തിന് തന്നെ പ്രതികൂലമായി ബാധിക്കുകയും ഇന്ത്യൻ പൗരന്മാരെ അരികുവൽക്കരിക്കുന്ന പ്രവണത വർധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അയർലണ്ടിൽ പഠനത്തിനും ജോലിക്കുമായി എത്തുന്ന ഇന്ത്യൻ പൗരന്മാർ അറിഞ്ഞോ അറിയാതെയോ നിരവധി പ്രശ്നങ്ങൾ അഭിമുഖീക്കരിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കുകയാണ് GNN 24×7 പരമ്പര ‘ഇന്ത്യയല്ല അയർലണ്ടാണ്‘.

ഇന്ത്യൻ നിയമ വ്യവസ്ഥയും ഐറിഷും തമ്മിൽ നിരവധി വ്യത്യാസങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ഈ രാജ്യം കുട്ടികളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും നൽകുന്ന മുൻഗണന. അവ ഉറപ്പാക്കാൻ കർശനമായി നിയമ വ്യവസ്ഥതികൾ അയർലണ്ട് പിന്തുടരുന്നു. എന്നാൽ ആ നിയമങ്ങളും സാമൂഹിക സാഹചര്യങ്ങളും മനസിലാക്കാതെ ഇന്ത്യയിലേതു പോലെ കുട്ടികളെ സ്നേഹിക്കാനായാലും ഉപദ്രവിക്കാനായാലും പോയാൽ പുലിവാല് പിന്നാലെ വരും. ഒരു മിഠായി പൊതി കാരണം പോലീസ് സ്റ്റേഷൻ കയറി ഇറങ്ങിയ അനുഭവം പങ്കുവയ്ക്കുകയാണ് മലയാളി യുവാവ്.

അദ്ദേഹം ജോലി ചെയ്യുന്ന നഴ്സിംഗ് ഹോമിൽ നിന്നും ഒരു ദിവസം ഒരു ചോക്ലേറ്റ് ബോക്സ്‌ ലഭിച്ചു. ചോക്ലേറ്റ് കിട്ടിയാൽ നമ്മളും ആദ്യം കുട്ടികൾക്ക് ആണല്ലോ കൊടുക്കുന്നത്. അദ്ദേഹവും അത് തന്നെ ചെയ്തു. ജോലി കഴിഞ്ഞു പോകുന്ന വഴി വീടിനടുത്തു എന്നും കുറച്ചു കുട്ടികൾ കളിക്കുന്നത് കാണാറുണ്ട്. എന്നും കാണുന്നവർ, ചിരിച്ച് കൈവീശി കുശലം പറയുന്ന കുട്ടികൾ. അങ്ങനെ ആ ചോക്ലേറ്റ് ബോക്സ്‌ ആ കുട്ടികൾക്ക് കൊടുത്തു ആ യുവാവ് വീട്ടിലേക്ക് പോയി.എന്നാൽ പ്രശ്നങ്ങൾ അവിടെ നിന്നും തുടങ്ങി. പിറ്റേന്ന് ഈ കുട്ടികളുടെ മാതാപിതാക്കൾ ഇയാളെ വഴിയിൽ തടഞ്ഞു. കുട്ടികൾക്ക് അപരിചിതനായ ഇയാൾ ചോക്ലേറ്റ് കൊടുത്തതാണ് അവിടെ പ്രശ്നം ആയത്. ആദ്യം അദ്ദേഹത്തിന് പ്രശ്നം എന്താണെന്ന് പോലും മനസ്സിലായില്ല. ഒരു മിഠായി കൊടുത്തതിനു ഇത്ര പ്രശ്നം ആണോ എന്ന് ചിന്തിച്ചു. പ്രശ്നം കൈയ്യേറ്റത്തിന്റെ വക്കിൽ എത്തിക്കഴിഞ്ഞു.

ഒടുവിൽ സംഭവം ഗാർഡ വരെ എത്തി. സത്യത്തിൽ ഗാർഡ അദ്ദേഹത്തെ ഒരുവിധം രക്ഷിച്ച് കൊണ്ട് പോകുകയായിരുന്നു.സ്റ്റേഷനിലെത്തി ഗാർഡയോട് നടന്ന സംഭവങ്ങളെല്ലാം വിശദമായി പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികളോട് എങ്ങനെ പെരുമാറണമെന്നും അവർക്ക് ഈ രാജ്യം നൽകുന്ന സംരക്ഷണ എത്ര കണിശമാണെന്നുള്ളതും ആ സ്റ്റേഷനിൽ വച്ചാണ് ബോധ്യമായത്. യുവാവിനുള്ള പൂർണ്ണ പിന്തുണയും ഗാർഡ ഓഫീസേഴ്സ് അറിയിച്ചു. ഭീഷണി മുഴക്കിയവർക്കെതിരെ പരാതി നൽകാൻ ഓഫീസർ നിർബന്ധിച്ചെങ്കിലും അതിനു പിന്നാലെയുള്ള ഊരാക്കുടുകൾ മനസ്സിലാക്കി പരാതി നൽകിയില്ല. തലനാരിഴയ്ക്കാണ് ഒരു പ്രശ്നത്തിൽ നിന്നും അദ്ദേഹം രക്ഷപ്പെട്ടത്.

എന്നാൽ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയശേഷം ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി അടുത്തുള്ള ഒരു ഷോപ്പിൽ കയറി. എന്നാൽ അവിടെ നിന്ന് ഇദ്ദേഹത്തെ കണ്ടപാടെ തന്നെ മുഖം ചുളിച്ചു. ഫോണിൽ നോക്കി ഒരു വീഡിയോ കണ്ട ശേഷം വീണ്ടും ഇദ്ദേഹത്തിന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി. മറ്റൊരു ഷോപ്പിൽ കയറിയപ്പോഴും ഇതേ അവസ്ഥ. വഴിയേ പോകുന്ന വണ്ടിയിലുള്ള യാത്രക്കാർ ഇയാളെ തറപ്പിച്ചു നോക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതെല്ലാം കണ്ട് ഭയന്ന് വീണ്ടും ഗാർഡയുടെ സഹായം തേടി. ഒടുവിൽ ഗാർഡയുടെ സഹായത്തോടെ നേഴ്സിങ് ഹോമിൽ തിരിച്ചെത്തി.ഈ ദിവസങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ യുവാവിന് ഇപ്പോഴും ഭയമാണ്.

സ്വാഭാവികമായി ചെയ്ത ഒരു പ്രവർത്തി ഈ രാജ്യത്ത് അദ്ദേഹത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നത്തിൽ ആക്കി.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ സ്വാഭാവികമായി ചെയ്യുന്ന ഒരു പ്രവർത്തി അയർലൻഡിൽ ക്രിമിനൽ കുറ്റം വരെ ആകാം. ഐലൻഡിൽ എത്തുന്ന ഓരോ വിദേശിയും ഇവിടുത്തെ നിയമവ്യവസ്ഥകളെ കുറിച്ച് ബോധവാന്മാരായിരിക്കണം. നിങ്ങൾ ആശ്രയിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസി അല്ലെങ്കിൽ വിശ്വസ്തമായ ഔദ്യോഗിക വൃത്തങ്ങളെയോ ഇതിനായി സമീപിക്കാം. അയർലൻഡിൽ നിങ്ങൾക്ക് അനുവദിച്ചിരിക്കുന്ന വിസയിൽ പറഞ്ഞിരിക്കുന്ന പ്രവർത്തനങ്ങൾ മാത്രം ഏർപ്പെടുക. ചെറിയൊരു നിയമപ്രശ്നം ആയാൽ കൂടി അത് അയർലൻഡിലെ നിങ്ങളുടെ നിലനിൽപ്പിനെയും ഭാവിയെയും പ്രതികൂലമായി ബാധിക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7