ഡബ്ലിൻ: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികൾക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച ഡോക്ടർ ഐറിഷ് മെഡിക്കൽ കൗൺസിലിൽ നിന്ന് രാജിവെച്ചു. ആരോഗ്യവകുപ്പു മന്ത്രി സൈമൺ ഹാരിസാണ് 2018-ൽ ഡബ്ലിൻ റഷിലെ ജിപിയായ ഡോ. മാർക്കസ് ഡി ബ്രൂണിനെ ഐറിഷ് മെഡിക്കൽ കൗൺസിലിൽ നിയമിച്ചത്. രാജ്യത്തെ വൈറസ് ബാധിതരെ ഭാരമായിട്ടാണ് കണക്കാക്കുന്നതെന്നും, നഴ്സിംഗ് ഹോമുകളിലെ ജീവനക്കാർക്ക് ആവശ്യമായ പരിഗണന നൽകുന്നില്ലെന്നും ഡോക്ടർ ബ്ലോഗിൽ എഴുതിയിരുന്നു.
അയർലൻഡിലെ ഏറ്റവും ദുർബലരായ രോഗികൾ നഴ്സിംഗ് ഹോമുകളിൽ താമസിക്കുന്നവരാണെന്നും ഈ വസ്തുത വൈറസിനെതിരെ പോരാടുന്നവർക്ക് വ്യക്തമാക്കി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നഴ്സിംഗ് ഹോമുകളിൽ കഴിയുന്നവരിൽ ഭൂരിഭാഗവും പ്രായമായവരാണെന്നും ഇവരിൽ പലർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം എഴുതി. നഴ്സിംഗ് ഹോം ജീവനക്കാർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
28/2/2020-ന് വൈറസ് റിപ്പോർട്ട് ചെയ്തുവെന്നും എന്നാൽ നഴ്സിംഗ് ഹോമുകളിൽ കഴിയുന്നവർക്കും ജീവനക്കാർക്കും വേണ്ടിയുള്ള ആവശ്യങ്ങളെ കുറിച്ച് മന്ത്രിതല ചർച്ച നടത്തിയത് 30/3/2020-ന് മാത്രമാണെന്നും ദുർബലരായ ആളുകളെ അവസാമായിട്ടാണ് പരിഗണിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് -19 ബാധ കണ്ടെത്തിയ നഴ്സിംഗ് ഹോമുകളിലെ ചില താമസക്കാരെ ഏപ്രിൽ 9 വരെ പരിശോധന നടത്തിയില്ലെന്നും ഡോക്ടർ ബ്രൺ എഴുതി.
25 അംഗങ്ങളാണ് ഐറിഷ് മെഡിക്കൽ കൗൺസിലിൽ ഉള്ളത്. റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ ഡോക്ടർമാർ ഉയർന്ന പ്രൊഫഷണൽ മാനദണ്ഡങ്ങൾ ഉള്ളവരാണ്. പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനായി അവർ അക്ഷീണം പ്രവർത്തിക്കുന്നുവെന്നും ചില വ്യക്തിപരമായ കാരണങ്ങളാൽ ഡോ. മാർക്കസ് ഡി ബ്രൺ രാജിവച്ചതായും മെഡിക്കൽ കൗൺസിൽ ഇന്നലെ സ്ഥിരീകരിച്ചു.
ഐറിഷ് മെഡിക്കൽ കൗൺസിലിലെ ഒരു അംഗം രാജിവയ്ക്കാൻ ആഗ്രഹിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ രാജി സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അതിനാൽ ഈ വിഷയത്തിൽ കൂടുതൽ അഭിപ്രായം പറയാൻ സാധിക്കില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രത്തിന്റെ (എച്ച്പിഎസ്‍സി) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നഴ്സിംഗ് ഹോമുകളിൽ 169 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു.
നഴ്സിംഗ് ഹോമുകളിലെ പരിശോധനകളിൽ വർധനവ് വരുത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. എന്നാൽ നഴ്സിംഗ് ഹോമുകളിലെ സ്ഥിതിഗതികൾ വളരെ മന്ദഗതിയിലാണെന്ന് പറയാൻ സാധിക്കില്ലെന്നും അവശ്യ സേവനങ്ങൾ എല്ലാം തന്നെ നൽകുന്നുണ്ടെന്നും ആരോഗ്യ വകുപ്പുമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. രാജ്യത്തെ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന മെഡിക്കൽ കൗൺസിൽ അംഗങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും പരിശ്രമത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.










































