gnn24x7

സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചില്‍ തീരുമാനമായി; ഒരു മാസത്തില്‍ ആറ് ദിവസത്തെ ശമ്പളം പിടിക്കും

0
230
gnn24x7

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചില്‍ തീരുമാനമായി. ഒരു മാസം ആറ് ദിവസത്തെ ശമ്പളം പിടിക്കാനാണ് തീരുമാനം. അഞ്ച് മാസം ഇതേ രീതിയില്‍ ശമ്പളം ഈടാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ തുക തിരികെ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കഴിഞ്ഞ നാല് മന്ത്രിസഭാ യോഗങ്ങളില്‍ മാറ്റിവെച്ച സാലറി ചലഞ്ചിലാണ് ഇന്ന് മന്ത്രിസഭ തീരുമാനമെടുത്തത്.ഒരു ജീവനക്കാരന്റെ ഒരു മാസത്തെ ശമ്പളത്തില്‍ നിന്നും ആറ് ദിവസത്തെ ശമ്പളം ഈടാക്കുകയും അത് അഞ്ച് മാസം തുടരുകയും ചെയ്യുമ്പോള്‍ ഒരു മാസത്തെ ശമ്പളം സര്‍ക്കാരിലേക്ക് എത്തുമെന്നാണ് കണക്ക്. ഇത്തരത്തില്‍ സാലറി ചലഞ്ച് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു ജീവനക്കാരനും ഇതില്‍ ഇളവില്ലെന്നും മന്ത്രിസഭാ യോഗം അറിയിച്ചു.

2018 ല്‍ സാലറി ചലഞ്ച് നടപ്പാക്കിയത് പത്ത് മാസം ദൈര്‍ഘ്യം എടുത്തിട്ടായിരുന്നു. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ശമ്പളം ഈടാക്കി കഴിഞ്ഞ് ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് തുക സര്‍ക്കാരിന് നല്‍കിയത്. ദീര്‍ഘമായ ഗഢുക്കളായാല്‍ സര്‍ക്കാരിന് ഇതുകൊണ്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കില്ലെന്ന തിരിച്ചറിവിലാണ് അഞ്ച് മാസക്കാലയളവ് സര്‍ക്കാര്‍ ആലോചിച്ചത്.കൊവിഡ് പ്രതിരോധനത്തിനും മറ്റുമായി അടിയന്തരസഹായം ആവശ്യമായതിനാല്‍ അഞ്ച് മാസത്തിനുള്ളില്‍ തന്നെ ഒരു ജീവനക്കാരന്റെ ശമ്പളം ഖജനാവില്‍ എത്തുന്ന രീതിയിലാണ് സാലറി ചലഞ്ചില്‍ തീരുമാനം എടുത്തത്. ആറ് ദിവസത്തെ ശമ്പളം പിടിക്കുമ്പോള്‍ ജീവനക്കാരന് വലിയ പ്രയാസം നേരിടേണ്ടി വരില്ലെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.

നേരത്തെ സാലറി ചലഞ്ചിനെതിരെ ചെറിയ രീതിയില്‍ എതിര്‍പ്പുകളുണ്ടായിരുന്നു. സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്ന് ഐ.എം.എ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ് പാടില്ലെന്ന് പ്രതിപക്ഷവും പറഞ്ഞിരുന്നു. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി ഏറ്റെടുക്കുന്ന കാര്യം മുഖ്യമന്ത്രി നേരത്തെ ചില സര്‍വീസ് സംഘടനാനേതാക്കളുമായി സംസാരിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here