gnn24x7

കൊവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം

0
251
gnn24x7

കൊവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം. ഈ മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വെന്റിലേഷന്‍ വേണ്ടെന്നുള്ള വാദം തെറ്റാണെന്നും ഒപ്പം മരുന്ന് ഉപയോഗിക്കുന്നവരിലാണ് മറ്റ് രോഗികളേക്കാളും മരണ നിരക്കെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എസിലെ മെഡിക്കല്‍ വിദ്ഗധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. അമേരിക്കയിലെ ദേശീയ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുകളും യൂണിവേഴ്‌സിറ്റി ഓഫ് വെര്‍ജീനിയയുമാണ് പഠനത്തിനാവശ്യമായ ഫണ്ടിംഗ് നടത്തിയത്. അതേ സമയം ഇവരുടെ റിപ്പോര്‍ട്ട് ഒരു മെഡിക്കല്‍ ജേണല്‍ വിശകലനം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. മെഡിക്കല്‍ കണ്ടുപിടുത്തങ്ങളുടെ പ്രാഥമികഭാഗം പ്രസിദ്ധീകരിക്കുന്ന medxr-iv എന്ന മെഡിക്കല്‍ വിദഗ്ധരുടെ വെബ്‌സെറ്റിലാണ് പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

368 കൊവിഡ് രോഗികളെ നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്. ഇതുപ്രകാരം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കഴിച്ച 97 രോഗികളില്‍ 27.8 ശതമാനമാണ് മരണനിരക്ക്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കഴിക്കാത്ത 158 രോഗികളില്‍ 11.4 ശതമാനം മാത്രമാണ് മരണനിരക്ക്.

ഒപ്പം ഹൈഡ്രോക്‌സി ക്ലോറോക്വിനോ, അല്ലെങ്കില്‍ ഈ മരുന്നും ആന്റിബയോടിക്കായ Azithromycin ന്റെയും മിശ്രണത്തിന് കൊവിഡ് രോഗിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ സഹായിക്കും എന്ന വാദവും ഇവര്‍ പഠനവിധേയമാക്കി.

‘ ഈ പഠനത്തില്‍ Azithromycin ന്റെ കൂടെയോ അല്ലാതെയോ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപോയഗിക്കുന്നത് കൊവിഡ് രോഗികളുടെ മെക്കാനിക്കല്‍ വെന്റിലേഷന്‍ സാധ്യത കുറയ്ക്കുമെന്നതില്‍ ഒരു തെളിവു ലഭിച്ചിട്ടില്ല,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ അമേരിക്കയില്‍ കൊവിഡ് പ്രതിരോധത്തിനായി ഒരു മരുന്നും എഫ്.ഡി.എ ( ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) അംഗീകരിച്ചിട്ടില്ല. കൊവിഡ് പ്രതിരോധത്തിനായി അമേരിക്കയിലുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്കാണ് ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റുമതി ചെയ്തിരിക്കുന്നത്. ഗെയിം ചേഞ്ചര്‍ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മരുന്നിനെ വിശേഷിപ്പിച്ചത്.

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമാണോ എന്നത് സംബന്ധിച്ച് നേരത്തെയും മെഡിക്കല്‍ രംഗത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ( ഐ.സി.എം.ആര്‍) ഡയരക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ആണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിനായി ശുപാര്‍ശ ചെയ്തത്. പിന്നീട് ഐ.സി.എം.ആറിന്റെ നാഷണല്‍ ടാസ്‌ക് ഫോഴ്സ് കൊവിഡ് ചികിത്സയ്ക്കായി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനോട് അനുമതി തേടിയശേഷമാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അംഗീകരിക്കപ്പെടുന്നത്. കൊവിഡ് പ്രതിരോധത്തിനും ചികിത്സക്കുമാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. മലേറിയ ചികിത്സയ്ക്കായി ഉപയോഗിച്ചു വരുന്ന മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here