അയർലണ്ട്: അയർലണ്ടിലെ ലെവൽ അഞ്ച് ലോക്ക്ഡൗൺ ഈ മാസാവസാനത്തേക്ക് നീട്ടാൻ സാധ്യതയുണ്ടെന്ന് മുതിർന്ന മന്ത്രി അറിയിച്ചു. കോവിഡ് കേസുകൾ കൂടുതലാവുന്നതിനാൽ കൊറോണ വൈറസ് അണുബാധയുടെ മൂന്നാമത്തെ തരംഗത്തെ അടിച്ചമർത്താൻ രാജ്യം ഇപ്പോൾ പോരാടുകയാണ്. നിലവിലുള്ള അഞ്ചാം ലെവൽ നടപടികൾ തുടരാൻ സാധ്യതയുണ്ടെന്ന് പൊതുചെലവ്, പരിഷ്കരണ മന്ത്രി മൈക്കൽ മഗ്രാത്ത് വ്യക്തമാക്കി.
അടുത്ത തിങ്കളാഴ്ച കാബിനറ്റ് കോവിഡ് കമ്മിറ്റി യോഗം ചേരുകയും എൻപിഇറ്റിയിൽ നിന്നും എച്ച്എസ്ഇ സിഇഒയിൽ നിന്ന് എല്ലാ പൊതുജനാരോഗ്യ വിദഗ്ധരിൽ നിന്നും ഞങ്ങൾക്ക് പൂർണ്ണ അപ്‌ഡേറ്റ് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വീണ്ടും തുറക്കുന്ന തീയതി അടുത്തയാഴ്ച സർക്കാർ തീരുമാനമായിരിക്കുമെന്നും, ആളുകൾക്ക് അവരുടെ ജീവിതം ആസൂത്രണം ചെയ്യാൻ കഴിയുന്നത്ര അറിയിപ്പ് നൽകാൻ ഞങ്ങൾ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
“രാജ്യത്ത് ഇന്ന് 93 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. എല്ലാവരും വീട്ടിൽ തന്നെ തുടരേണ്ടതുണ്ട്. അത്യാവശ്യ കാരണങ്ങളില്ലാതെ ആരും തന്നെ പുറത്തു പോവാൻ പാടുള്ളതല്ല”, മന്ത്രി വ്യക്തമാക്കി. “ഓരോ വ്യക്തിയും അവരുടെ ദൈനംദിന ജീവിതത്തിൽ എത്രത്തോളം ഈ ഉപദേശം പിന്തുടരുന്നുവോ അത്രത്തോളം നമുക്ക് കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കാനും സുപ്രധാന ആരോഗ്യ സേവനങ്ങളിലും രോഗികളിലും മുൻനിര തൊഴിലാളികളിലും ഉണ്ടാകുന്ന ആഘാതം കുറയ്‌ക്കാനും കഴിയും.” അദ്ദേഹം കൂട്ടിച്ചേർത്തു.