നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു : കോവിഡ് ബാധിതനായിരുന്നു

0
87

പയ്യന്നൂര്‍: മലയാളികളുടെ അപ്പൂപ്പനായ നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. മരണ സമയത്ത് അദ്ദേഹത്തിന് 98 വയസ്സായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ആഴ്ചകള്‍ക്ക് മുന്‍പ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് കോവിഡ് നെഗറ്റീവായി അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ന്യൂമോണിയ അദ്ദേഹത്തിനെ ബാധിച്ചിരുന്നു. അത് മാറിയതിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് വീണ്ടും പനി ബാധിക്കുകയും വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വീണ്ടും ടെസ്റ്റ് നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

രണ്ടു ദിവസം ഐ.സി.യുവില്‍ കഴിഞ്ഞുവെങ്കിലും ആരോഗ്യം വീണ്ടെടുത്ത് വീട്ടിലേക്ക് മടങ്ങിയതായിരുന്നു അദ്ദേഹം. ആശുപത്രിയിലായിരുന്ന സന്ദര്‍ഭത്തില്‍ ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും ടെലിഫോണിലൂടെ ആരോഗ്യ വിവരം തിരക്കിയിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.

ആകസ്മികമായാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സിനിമാ പ്രവേശനം. ദേശാടനം നടക്കുന്ന സന്ദര്‍ഭത്തില്‍ കൈതപ്രത്തിന്റെ വീട്ടിലെത്തിയപ്പോള്‍ സംവിധായകന്‍ ജയരാജ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ കാണാനിടയായതാണ് അദ്ദേഹത്തിന് ദേശാടനത്തില്‍ മികച്ച കഥാപാത്രം ലഭിക്കാനുള്ള സാഹചര്യം ഉണ്ടായത്. തുടര്‍ന്ന് വിവിധ ഭാഷകളിലായി പ്രമുഖരുടെ കൂടെ എല്ലാം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിനയിച്ചു.

കമലഹാസനൊപ്പം പമ്മല്‍ കെ സമ്മന്തം, രജനീകാന്തിനൊപ്പം ചന്ദ്രമുഖി, ഐശ്വര്യ റായിക്കൊപ്പം കണ്ണുകൊണ്ടേ കണ്ടുകൊണ്ടേന്‍, മമ്മൂട്ടിക്കൊപ്പം രാപ്പകല്‍, ദിലീപിനൊപ്പം കല്ല്യാണ രാമന്‍, ഒരാള്‍ മാത്രം തുടങ്ങിയ നിരവധി സിനിമകളില്‍ സജീവ സാന്നിധ്യമായി മാറി. കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്ത മഴവില്ലിന്നറ്റം വരെ യാണ് അവസാനം പൂര്‍ത്തീകരിച്ച സിനിമ.

LEAVE A REPLY

Please enter your comment!
Please enter your name here