gnn24x7

വർക്ക് പെർമിറ്റ് വരുമാന നിയമങ്ങൾ അടിയന്തരമായി പരിഷ്കരിക്കണമെന്ന് ആവശ്യം; പ്രതിഷേധം ശക്തമാക്കി MNI

0
1276
gnn24x7

വർക്ക് പെർമിറ്റ് വരുമാന നിയമങ്ങൾ അടിയന്തരമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് Unite, MNI എന്നിവരുടെ നേതൃത്വത്തിൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ (എച്ച്സിഎകൾ) എന്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് ഡിപ്പാർട്മെന്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ വരുമാന പരിധിയിലെ തടസ്സങ്ങൾ കാരണം തങ്ങളുടെ കുടുംബങ്ങളെ പിരിഞ്ഞു കഴിയേണ്ട സ്ഥിതി അനിശ്ചിതമായി നീണ്ടുനിൽക്കുന്നയാണ്. നിരവധി കുടിയേറ്റ എച്ച്‌സി‌എകൾ വരുമാന പരിധിക്ക് താഴെയാണ് സമ്പാദിക്കുന്നത്. അതിനാൽ ഇവർക്ക് കുടുംബാംഗങ്ങളെ അയർലണ്ടിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നില്ല. ഈ പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം തേടിയാണ് MNI പ്രതിഷേധം ശക്തമാക്കുന്നത്.

തങ്ങളുടെ കുടുംബത്തെ പിരിഞ്ഞു കഴിയുന്ന സാഹചര്യം ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് മാനസികമായി ഏറെ സമ്മർദം സൃഷ്ടിക്കുകയാണ്. Migrant Nurses Ireland നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായി കെയർ അസിസ്റ്റന്റുമാരുടെ ശമ്പള വർധനവ് കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്നിരുന്നു. ഫാമിലി റീ-യൂണിഫിക്കേഷൻ പ്രാബല്യത്തിൽ വരുന്നതിനോടൊപ്പം, ജനുവരി 2025 തൊട്ട് അയർലണ്ടിൽ HCA ആയി ജോലി ചെയ്യുന്ന എല്ലാവർക്കും ഫാമിലിയെ കൊണ്ട് വരാൻ വേണ്ട അടിസ്ഥാന വരുമാനം ആയ €30000 എന്ന നിരക്കിൽ സാലറി വർധിപ്പിക്കാൻ ഗവർൺമെൻറ് തലത്തിൽ ധാരണയായി.സ്റ്റാമ്പ് 3-ന് പകരം സ്റ്റാമ്പ് 1G അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു .ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ ഏറെ നാളായുള്ള ആവശ്യം അക്ഷീണ പരിശ്രമത്തിലൂടെ നേടിയെടുത്തത് MNI യുടെ ഇടപെടലിലൂടെ മാത്രമാണ്.

എന്നാൽ, ജനുവരി 1 ന് മുമ്പുള്ള കരാറുകളിലെ കുടിയേറ്റ എച്ച്‌സി‌എകൾക്ക് പുതിയ കരാറുകളിലുള്ളവരെ അപേക്ഷിച്ച് കുറഞ്ഞ വേതനം ലഭിക്കുന്നതായി തൊഴിലാളികൾ വെളിപ്പെടുത്തുന്നു. നിലവിലുള്ള കരാറുകളിലെ കുടിയേറ്റ എച്ച്‌സി‌എകളെ കഴിഞ്ഞ മാസത്തെ വർദ്ധനവിൽ നിന്ന് ഒഴിവാക്കി. അതിനാൽ തന്നെ നിലവിലുള്ള കരാറുകളിലെ എച്ച്‌സി‌എകൾക്ക് family reunification പരിധിക്ക് താഴെയാണ് ശമ്പളം ലഭിക്കുന്നത്. അതേ റോൾ നിർവഹിക്കുന്ന പുതിയ വ്യക്തികളേക്കാൾ കുറഞ്ഞ വേതനം ലഭിക്കുന്നതിലും പ്രതിഷേധം ശക്തമാണ്. ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ ശമ്പളവർദ്ധനവ് മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കണമെന്നും വർക്ക് പെർമിറ്റ് വരുമാന നിയമങ്ങൾ അടിയന്തരമായി പരിഷ്കരിക്കണമെന്നും MNI ആവശ്യപ്പെട്ടു.

2020ൽ സ്ഥാപിതമായ കാലം മുതൽ അയർലൻഡിലെ പ്രവാസി നഴ്സിംഗ് സമൂഹത്തിന്റെ ഉന്നമനത്തിനായി യാതൊരു ലാഭ്യേച്ഛയും കൂടാതെ പ്രവർത്തിച്ചു വരികയാണ് MNI. ഐറിഷ് സർക്കാർ, ആരോഗ്യ വകുപ്പ്, നേഴ്‌സുമാർ, വിവിധ പ്രവാസി സംഘടനകൾ തുടങ്ങിയവർ MNI യുടെ പ്രവർത്തനങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കോർക്കിൽ ഇന്ത്യൻ നഴ്സുമാർ നേരിട്ട വംശീയ അധിക്ഷേപം, വിസ തട്ടിപ്പിനിരായ ഇന്ത്യൻ നഴ്സുമാരുടെ വിസ ബാൻ നീക്കം ചെയ്യുന്നത് ഉൾപ്പെടെ അയർലൻഡിൽ പ്രവാസി നേഴ്സിങ് സമൂഹം നേരിടുന്ന നിരവധി വെല്ലുവിളികൾക്ക് പരിഹാരം MNI യുടെ സമയോചിതമായ ഇടപെടലിലൂടെ സാധ്യമായിരുന്നു. അയർലണ്ടിൽ ജനറൽ എംപ്ലോയ്‌മെൻ്റ് പെർമിറ്റ്, ഇൻട്രാ കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെൻ്റ് പെർമിറ്റ് ഉടമകൾക്ക് പങ്കാളികൾക്കുള്ള ഫാമിലി റീയൂണിഫിക്കേഷൻ പോളിസിയിലെ പുതിയ ഭേദഗത്തികൾ 2024 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വന്നു.

ഫാമിലി വിസ മാനദണ്ഡങ്ങളിൽ മാറ്റം ആവശ്യപ്പെട്ട് മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നേതൃത്വത്തിൽ ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർ ഐറിഷ് പാർലമെന്റിന്റെ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ഈ പ്രശ്നം ഭരണതലത്തിൽ ചർച്ച ചെയ്യുന്നതിന് വഴിയൊരുക്കി. നിരന്തരമായി മന്ത്രിമാരെയും എംപിമാരെയും കാണുകയും പാർലമെൻറ് വരെ ആവശ്യങ്ങളുമായി കടന്നു ചെല്ലുകയും സ്പീക്കറെ ഉൾപ്പെടെ കണ്ട് ആവശ്യം ഉന്നയിക്കുകയും ചെയ്തതിന്റെ ഫലമായാണ് MNI ചരിത്ര വിജയം നേടിയെടുത്തിരിക്കുന്നത്.

അയർലണ്ടിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പിന് ഇരയായ നഴ്സുമാർക്ക് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന വിസാ ബാൻ നീക്കി നൽകുന്നതിനും വഴി ഒരുക്കിയത് MNI.ഡബ്ലിനിൽ നഴ്‌സായി ജോലി നോക്കിയിരുന്ന സൂരജ് എന്ന വ്യക്തി മുന്നൂറോളം മലയാളികളായ ഉദ്യോഗാർത്ഥികളിൽ നിന്ന് അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരായി ജോലി നൽകാം എന്ന വ്യാജേന ലക്ഷക്കണക്കിന് യൂറോ തട്ടിയെടുത്തിരുന്നു. വർക്ക് പെർമിറ്റുകൾ വ്യാജമാണ് എന്ന് തിരിച്ചറിഞ്ഞ ഇന്ത്യയിലെ ഐറിഷ് എംബസി നൂറിലേറെ ഉദ്യോഗാർഥികളുടെ വിസ റദ്ദാക്കുകയും അവർക്കു അഞ്ചു വർഷത്തേക്ക് അയർലണ്ടിൽ പ്രവേശിക്കുന്നതിന് ബാൻ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

തട്ടിപ്പിനിരയായ നഴ്സുമാർ, മൈഗ്രന്റ് നഴ്സസ് അയർലണ്ടിനെ ബന്ധപ്പെടുകയും അവരുമായി സംഘടയുടെ ഭാരവാഹികൾ ഏപ്രിൽ 21 ന് ഒരു ഓൺലൈൻ മീറ്റിംഗ് നടത്തുകയും വിസ ബാൻ നീക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിന്റെ ഒരു ആക്ഷൻ പ്ലാൻ ഉണ്ടാക്കുകയും ചെയ്തിരുന്നു.മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഇക്കാര്യം ഐറിഷ് മാധ്യമങ്ങളെ അറിയിക്കുകയും ജേർണൽ എന്ന ഓൺലൈൻ മാധ്യമത്തിൽ വളരെ പ്രാധാന്യത്തോടെ ഈ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തട്ടിപ്പിനിരയായ ഉദ്യോഗാർഥികളുടെ ഒരു ജോയിന്റ് പെറ്റീഷൻ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ്, എന്റർപ്രൈസ്, ട്രേഡ് ആൻഡ് എംപ്ലോയ്‌മെന്റ്, എച് എസ് ഇ, ഇന്ത്യൻ എംബസി എന്നീ വകുപ്പുകൾക്ക് സമർപ്പിക്കുകയും ചെയ്തു. വകുപ്പിന്റെ പരിശോധനയിൽ ഉദ്യോഗാർത്ഥികൾ ഈ തട്ടിപ്പിന്റെ ഇരകളാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്നാണു വകുപ്പ് അറിയിച്ചിരിക്കുന്നത്. ഭാവി ഇരുളടഞ്ഞു പോവുമായിരുന്നു നൂറുകണക്കിന് നഴ്സുമാർക്കാണ് മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഇടപെടൽ തുണയായത്.

അയർലണ്ടിൽ NMBI രജിസ്ട്രേഷനായി അപേക്ഷിക്കുന്ന വിദേശ നേഴ്‌സുമാർക്ക് അവരുടെ ഡിസിഷൻ ലെറ്റർ ഘട്ടത്തിലും സാധുവായ ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങൾ പരിഗണനയ്‌ക്കായി സമർപ്പിക്കാനല്ല അനുമതി ലഭിച്ചതും MNI നടത്തിയ ഇടപ്പെടലിനെ തുടർന്നാണ്. അയർലൻഡിൽ എത്തുന്ന നഴ്സുമാരുടെ പല പ്രതിസന്ധികളിലും MNIയുടെ ഇതുവരെയുള്ള ഇടപെടലുകൾ വളരെ വലുതാണ്. ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ കോവിഡ് കാലത്ത് നഴ്സുമാരുടെയും ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാരുടെയും പ്ലേസ്മെന്റുകളിലെയും തൊഴിലിടങ്ങളിലെയും പ്രതിസന്ധികൾ പരിഹരിക്കാൻ MNI നടത്തിയ ഇടപെടലുകൾ ഇതിന് ഉത്തമ ഉദാഹരണമാണ്.NMBI ഡിസിഷൻ ലെറ്ററുകൾ നേരിട്ട കാലതാമസങ്ങളിലും MNI സധൈര്യം ഇടപെട്ടിരുന്നു. നിലവിൽ NMBI ഡിസിഷൻ ലെറ്ററുകൾ കാലതാമസം നേരിടാതെ ലഭിക്കുന്നതിലെ മുഖ്യപങ്കും ആ ഇടപെടലുകളിൽ ഉണ്ട്. അയർലണ്ടിലെത്തുന്ന എല്ലാ മൈഗ്രൻ്റ് ഹെൽത്ത് പ്രൊഫഷണൽസിൻ്റെയും പ്രശ്നങ്ങളിൽ MNI വേർതിരിവുകൾ ഇല്ലാതെ ഇടപെടുന്നു. അടുത്തിടെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലുണ്ടായ വർണ്ണ വിവേചനവുമായി ബന്ധപ്പെട്ട വിഷയത്തിലും MNI ഉറച്ച നിലപാടുമായി മുന്നോട്ടു വന്നിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7