അയർലണ്ട്: മരുന്നുകള്‍ക്ക് അയര്‍ലണ്ടിലെ ചില ഫാര്‍മസികള്‍ യാഥാർത്ഥ്യ വിലയേക്കാൾ ഇരട്ടി വില ഈടാക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ ഫാര്‍മസികളെക്കാള്‍ ഇരട്ടിയോളം വിലയാണ് ഒരേ പ്രിസ്‌ക്രിപ്ഷന് മറ്റ് ചില ഫാര്‍മസികള്‍ ഈടാക്കുന്നതെന്ന് Trinity College, Royal College of Surgeons (RCSI) എന്നിവര്‍ ചേര്‍ന്ന് രാജ്യത്തെ 1,500 കമ്മ്യൂണിറ്റി ഫാര്‍മസികളെ ഫോണിലൂടെയും ഇമെയിലിലൂടെയും ബന്ധപ്പെട്ട് നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തിയത്. ഇതിനായി 370 ഫാര്‍മസികളുടെ വെബ്‌സൈറ്റും പരിശോധിച്ചു. ഗവേഷണത്തിൽ ആളുകൾ സ്ഥിരമായി ഉപയോഗിക്കുന്ന 12 മരുന്നുകളുടെ വിലയാണ് താരതമ്യം ചെയ്തത്.
രാജ്യത്തെ നിയമമനുസരിച്ച് മരുന്നുകളുടെ വില ഉപഭോക്താക്കള്‍ക്ക് മനസിലാക്കാനായി ഫാര്‍മസികള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഒറ്റ ഫാര്‍മസി പോലും ഈ നിയമ പാലിക്കുന്നില്ല. ഗവേഷണത്തിന്റെ ഭാഗമായി വില വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ആകെ ഫാര്‍മസികളില്‍ 12% പേരും അത് വെളിപ്പെടുത്താന്‍ തയ്യാറായതുമില്ല. സ്ഥിരമായി ആളുകളുപയോഗിക്കുന്ന സ്റ്റിറോയിഡായ prednisolone-ന് 88% അധികവിലയാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഇത് നല്‍കുന്ന ഫാര്‍മസികളെക്കാള്‍ അമിതമായി മറ്റ് പല ഫാര്‍മസികളും ഈടാക്കുന്നത്. അതായത് 5 യൂറോയിലേറെ.
മെഡിക്കല്‍ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് HSE നിര്‍ദ്ദേശിച്ചിട്ടുള്ള വിലയെക്കാള്‍ അമിതമാണ് ഈ 12 മരുന്നുകള്‍ക്കും ഫാര്‍മസികള്‍ ഈടാക്കുന്ന ശരാശരി വില. സ്ഥിരം ഉപയോഗിക്കുന്ന ആന്റിവൈറല്‍ മരുന്നായ famciclovir-ന്റെ ശരാശരി വില 46 യൂറോ ആണ്. എന്നാല്‍ HSE നിര്‍ദ്ദേശപ്രകാരം ഇതിന്റെ പരമാവധി വില 37.31 യൂറോ ആണ്.
ചെയിന്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളിലാണ് വില അധികമെന്നും, ഒറ്റയൊറ്റയായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളില്‍ പൊതുവെ വില കുറവാണെന്നും അയര്‍ലണ്ടിലെ രോഗികളില്‍ വലിയൊരു വിഭാഗവും ഏറെ പണം മരുന്നുകള്‍ക്കായി ചെലവിടേണ്ടിവരുന്നുവെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മരുന്ന് വാങ്ങാതിരിക്കാനും, ആരോഗ്യം മോശമാകാനും ഇടയാക്കും. വില പ്രസിദ്ധപ്പെടുത്താത്തത് ഈ പ്രശ്‌നം ജനങ്ങള്‍ മനസിലാക്കുന്നതില്‍ നിന്നും തടയുകയും ചെയ്യുന്നു.
വിഷയത്തിൽ സർക്കാരിൻറെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു.






































