കിൽക്കെനി: അയർലൻഡിലെ കിൽക്കെനിയിൽ മലയാളി യുവാവ് വാഹനം ഓടിച്ചു പോകവേ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എറണാകുളം ഇലഞ്ഞി പെരുമ്പടവം മാലായിക്കുന്നേൽ വീട്ടിൽ കെ.ഐ. ശ്രീധരന്റെ മകൻ അനീഷ് ശ്രീധരൻ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച കുടുംബമായി നാട്ടിൽ പോകാൻ ടിക്കറ്റെടുത്ത് കാത്തിരിക്കുന്നതിനെയാണ് വിയോഗം. കിൽക്കെനിയിലെ ഒരു സ്വകാര്യ റെസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു മൂന്ന് വർഷം മുൻപ് അയർലൻഡിൽ എത്തിയ അനീഷ്. നാട്ടിൽ പോകുന്നതിന് മുൻപ് ജോലി ചെയ്യുന്ന റെസ്റ്ററന്റിൽ പോകാനായി കാർ ഓടിച്ചു കിൽക്കെനി ടൗണിൽ രാവിലെ 8.30 യോട് കൂടി എത്തുകയും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയുമായിരുന്നു.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു ടൗണിലെ ഒരു കടയുടെ മതിലിൽ ഇടിച്ചു നിന്നു. പാരാമെഡിക്സ് സംഘം എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കാർ ഓടിക്കവേ ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കിൽക്കെനി സെന്റ് ലൂക്ക്സ് ജനറൽ ഹോസ്പിറ്റലിൽ നഴ്സായ ജ്യോതി ആണ് ഭാര്യ. 8 വയസ്സുള്ള ശിവാന്യ, 10 മാസം പ്രായമുള്ള സാദ് വിക് എന്നിവരാണ് മക്കൾ. ശാന്ത ശ്രീധരനാണ് അനീഷിന്റെ മാതാവ്.മൃതദേഹം നാട്ടിൽ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്.
അതിനായുള്ള ക്രമീകരണങ്ങളും നടന്നു വരികയാനെന്ന് കിൽക്കെനി മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്ന അനീഷിന്റെ പൊതുദർശനം കിൽക്കെനിയിൽ വെച്ച് നടത്താനുള്ള ക്രമീകരണങ്ങളും നടന്നു വരുന്നുണ്ട്. ഇപ്പോൾ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുക ആണെന്നും തീയതികൾ പിന്നീട് അറിയിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb