കൊച്ചി; ഇന്ത്യക്കു വേണ്ടി മത്സരിച്ചത് ഒരു വൃക്കയുമായാണെന്ന് അത്‌ലറ്റ് അഞ്ജു ബോബി ജോർജിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തൽ കായികലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ലോക ചാമ്പ്യൻഷിപ്പുകളിൽ അടക്കം ഇന്ത്യയ്ക്ക് വേണ്ടി മെഡലുകൾ വാരിക്കൂട്ടിയ താരമാണ് അഞ്ജു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയായിരുന്നു അഞ്ജുവിന്റെ വെളിപ്പെടുത്തല്‍.
‘വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. വേദനസംഹാരികള്‍ അടക്കം അലര്‍ജിയാണ്. ഒപ്പം ഒരുപാട് പരിമിതികളുമുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി.’- എന്ന് അഞ്ജു കുറിച്ചു.
കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്താണ് അഞ്ജുവിന്റെ ട്വീറ്റ്.
ലോംഗ് ജമ്പ് താരമായിരുന്ന അഞ്ജു 2003ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയിരുന്നു. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് തുടങ്ങി ഒട്ടേറെ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു രാജ്യത്തിനായി മെഡലണിഞ്ഞിട്ടുണ്ട്. ലോക അത്ലറ്റിക്‌സ് ഫൈനലില്‍ സ്വര്‍ണ്ണമെഡലും അഞ്ജു നേടിയിട്ടുണ്ട്.