gnn24x7

ഐ പി എൽന്‍റെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ച് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്

0
343
gnn24x7

അബുദാബി:  ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ച് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്താണ് തലയുടെ ചുണക്കുട്ടികള്‍ വിജയതുടക്കം കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അവഗണിച്ച സെലക്ടര്‍മാര്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച് വച്ച അമ്പാടി റായ്ഡുവാണ് ചെന്നൈയുടെ വിജയശില്‍പ്പി. അര്‍ദ്ധസെഞ്ചുറി കടന്നായിരുന്നു അമ്പാടിയുടെ പ്രകടനം. മുംബൈ ഉയര്‍ത്തിയ 163 എന്ന വിജയലക്‌ഷ്യം മറികടക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നെ സഹായിച്ചത് അമ്പാടി നേടിയ 71 റണ്‍സാണ്. ഇതിനൊപ്പം ഫാഫ് ഡുപ്ലേസിയുടെ ഇന്നിംഗ്സ് കൂടിയായപ്പോള്‍ ചെന്നൈയുടെ വിജയം എളുപ്പമായി.

മത്സരം അവസാനിച്ചപ്പോള്‍ 44പന്തില്‍ 58 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു ഡുപ്ലേസി.  ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍  ധോണി മുംബൈ ഇന്ത്യന്‍സിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

തുടക്കത്തില്‍ കുതിച്ചുകയറിയ ടീമിന് ക്യാപ്റ്റന്‍  രോഹിത് ശര്‍മ (12), ക്വിന്റണ്‍ ഡിക്കോക്ക് (33) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യം നഷ്ടമായത്. പതിനൊന്നാം ഓവറിലെ അവസാന ബോളിലായിരുന്നു മൂന്നാമത്തെ വിക്കറ്റ് നഷ്ടമായത്. സൂര്യകുമാര്‍ യാദവ് ഇതോടെ കളിയില്‍ നിന്നും പുറത്തായി. 16 ബോളുകളിലായി 17 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.

gnn24x7