ന്യൂഡൽഹി: കോവിഡ് 19നെതിരെ രാജ്യം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരവെ ക്വാറന്റൈൻ നിർദേശങ്ങൾ അവഗണിച്ച് ബോക്സിംഗ് താരം മേരി കോം.
വൈറസ് സമൂഹവ്യാപന ഘട്ടത്തിലേക്ക് കടക്കുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബോക്സറും രാജ്യസഭാ എംപിയുമായ മേരി കോം രാഷ്ട്രപതിയുമൊത്ത് പൊതു ചടങ്ങിൽ പങ്കെടുത്തത്.
ജോർദാനിൽ നടന്ന ഏഷ്യ ഓഷ്യാനിക് ഒളിംപിക് ക്വാളിഫയേഴ്സിൽ പങ്കെടുത്ത മേരി കോം ഇക്കഴിഞ്ഞ മാർച്ച് 13നാണ് നാട്ടിൽ മടങ്ങിയെത്തിയത്.
മറ്റൊരു രാജ്യത്തു നിന്നെത്തിയ ശേഷം പതിനാല് ദിവസം സെല്‍ഫ് ക്വാറന്റൈനിൽ കഴിയണമെന്നാണ് നിർദേശം. എന്നാൽ ഇത് അവഗണിച്ച് മേരി കോം മാർച്ച് 18ന് രാഷ്ട്രപതി ഭവനിൽ നടന്ന പ്രാതൽ വിരുന്നിൽ പങ്കെടുത്തിരുന്നു.
രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കു വച്ച ചിത്രങ്ങളില്‍ മറ്റ് എംപിമാർക്കൊപ്പം മേരി കോമിനെയും കാണാനാകും.

കോവിഡ് 19 സ്ഥിരീകരിച്ച ഗായിക കനികാ കപൂറിന്റെ പാർട്ടിയിൽ പങ്കെടുത്ത ബിജെപി എംഎൽഎ ദുഷ്യന്ത് സിംഗും ഈ ചടങ്ങിലുണ്ടായിരുന്നു. നിലവിൽ ക്വാറന്റൈനിൽ കഴിയുകയാണ് ദുഷ്യന്ത്.
ജോർദാനിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ ബോക്സിംഗ് സംഘത്തിലെ എല്ലാ അംഗങ്ങളും നിർബന്ധിത ക്വാറന്റൈനിൽ ആണെന്ന് ബോക്സിംഗ് കോച്ച് സാന്റിയാഗോ നിയേവ ഇക്കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് മേരി കോമിന്റെ ചിത്രങ്ങൾ.
രാഷ്ട്രപതിഭവനിലെ ചടങ്ങിൽ പങ്കെടുത്ത കാര്യം മേരി കോം തന്നെ സമ്മതിച്ചിട്ടുണ്ട്. ‘ജോർദാനിൽ നിന്ന് മടങ്ങിയെത്തിയത് മുതൽ ഞാൻ വീട്ടിൽ തന്നെയാണ് കഴിയുന്നത്. രാഷ്ട്രപതിയുടെ ചടങ്ങിൽ മാത്രമെ പങ്കെടുത്തിട്ടുള്ളു.. ഇവിടെ വച്ച് ഞാൻ ദുഷ്യന്തിനെ കാണുകയോ ഹസ്തദാനം നൽകുകയോ ചെയ്തിട്ടില്ല’ എന്നാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ മേരി കോം പറയുന്നത്.