തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ 21 മന്ത്രിമാർ ഉണ്ടായിരിക്കുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഒഴികെ സിപിഐഎമ്മിലെ എല്ലാവരും പുതുമുഖങ്ങളായിരിക്കും.
സിപിഎമ്മിന് 12 അംഗങ്ങളും സിപിഐക്ക് നാലും കേരളാ കോൺഗ്രസിനും ജെഡിഎസിനും എൻസിപിക്കും ഓരോ മന്ത്രിസ്ഥാനം വീതവും നൽകും. ജനാധിപത്യ കേരളാ കോൺഗ്രസിനും ഐഎൻഎല്ലിനും ആദ്യ ഊഴത്തിൽ മന്ത്രിസ്ഥാനം ലഭിക്കും. രണ്ടാം ഊഴത്തിൽ കേരളാ കോൺഗ്രസ് ബിക്കും കോൺഗ്രസ് എസിനും സ്ഥാനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചീഫ് വിപ്പ് പദവി കേരളാ കോണ്‍ഗ്രസ് എമ്മിനും നല്‍കാന്‍ ധാരണ. സ്പീക്കർ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സിപിഐക്കും ലഭിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് മന്ത്രിമാരുടെ പേരുകളിൽ അന്തിമ തീരുമാനമെടുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.