തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കൊണ്ട് സംസ്ഥാനത്ത് നടക്കുന്ന പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തു൦. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. തെറ്റായ സന്ദേശം നല്‍കി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് പൗരത്വഭേദഗതി നിയമത്തെ എതിര്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും നിയമംകൊണ്ട് രാജ്യത്തെ ഒരു പൗരനും ഒരു ദോഷവും ഉണ്ടാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍എസ്എസ് നേതൃത്വത്തില്‍ കോഴിക്കോട് നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്‍റെ പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനായാണ് അമിത് ഷാ എത്തുന്നത്. എന്നാല്‍, എന്നാണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശനമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ജനുവരി 15 മുതല്‍ 25 വരെ ആര്‍എസ്എസ് നേതൃത്വത്തില്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അമിത് ഷാ കേരളത്തിലെത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍, ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തീയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സന്ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു. മലബാര്‍ മേഖലയില്‍ അമിത് ഷാ പങ്കുടുക്കുന്ന റാലിയുണ്ടാകുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് മുസ്ലീം യൂത്ത് ലീഗ് അമിത്ഷായ്ക്കെതിരെ പ്രതിഷേധ൦ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ അമിത് ഷാ കേരളത്തില്‍ വരുന്നു എന്നത് തെറ്റായ പ്രചാരണമാണെന്നും അത്തരമൊരു പരിപാടി നിശചയിച്ചിട്ടില്ലെന്നും ആരും ആരോടും ഇങ്ങനെ ഒരു പരിപാടിയെകുറിച്ച് പറഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.