തൃശൂർ: തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പൊലീസില്‍ നിന്നും വനിതാ കമ്മിഷനിൽ നിന്നും നീതി ലഭിച്ചില്ലെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി. ഇപ്പോഴും പ്രതി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മയൂഖ അറിയിച്ചു.
2016ലാണ് ചാലക്കുടി മുരിങ്ങൂർ സ്വദേശിനിയായ സുഹൃത്തിനെ ചുങ്കത്ത് ജോൺസൻ വീട്ടിൽ കയറി പീഡനത്തിനിരയാക്കുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. പിന്നീട് തന്നെ കണ്ടപ്പോൾ സുഹൃത്ത് ഇക്കാര്യം അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം എസ്.പി. പൂങ്കുഴലിക്ക് പരാതി നല്‍കിയെങ്കിലും മോശമായ സമീപനമാണ് പൊലീസില്‍ നിന്നുമുണ്ടായത്.
കൂടാതെ വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി. ജോസഫൈന്‍ പ്രതിക്കായി ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചു. പ്രതിയായ ചുങ്കത്ത് ജോണ്‍സണ്‍ സാമ്പത്തിക പിന്‍ബലവും രാഷ്ട്രീയ ക്രിമിനല്‍ പശ്ചാത്തലവും ഉള്ള ആളായതുകൊണ്ട് ഈ വിഷയത്തിൽ വനിതാകമ്മീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പ്രതിക്ക് വേണ്ടി ഇടപെട്ടെന്നാണ് മയൂഖയുടെ ആരോപണം.