ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി (സി.ഡി.എസ്) കരസേനാ മുന്‍ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു. പുതുവര്‍ഷത്തിലായിരുന്നു അദ്ദേഹം ചുമതലയേറ്റത്. ഇന്നലെയാണ് കരസേനാ മേധാവി സ്ഥാനത്തുനിന്ന് അദ്ദേഹം വിരമിച്ചത്.
സാമ്പ്രദായികമായ സൈനിക രീതിയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മൂന്നു സേനകളുടെയും പൊതു തലവനായ സി.ഡി.എസ് എന്ന പദവി സൃഷ്ടിച്ചത്. 2019-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സി.ഡി.എസ് പദവിയെപ്പറ്റി പ്രഖ്യാപനം നടത്തിയിരുന്നു.
1999-ലെ കാര്‍ഗില്‍ യുദ്ധത്തിനു ശേഷമാണു മൂന്നു സേനകളുടെയും ഏകോപനത്തിനായി സി.ഡി.എസ് പദവി വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. സേനകളിലെ വെവ്വേറെയായി നിലനില്‍ക്കുന്ന കമാന്‍ഡുകളെ ഏകോപിപ്പിക്കാന്‍ സംയുക്ത കമാന്‍ഡുകള്‍ രൂപീകരിച്ച് അതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ് ഇവയുടെ ഫലപ്രദമായ ഏകോപനം സി.ഡി.എസിന്റെ ഉത്തരവാദിത്വമാണ്.
ആരാണ് സി.ഡി.എസ്?
- ഫോര്‍ സ്റ്റാര്‍ റാങ്കുള്ള സൈനിക ജനറലാണ് സി.ഡി.എസ്
- മൂന്നു സൈനിക മേധാവികള്‍ക്കും ലഭിക്കുന്ന ശമ്പളത്തിനു തുല്യമായിരിക്കും സി.ഡി.എസിന്റെ ശമ്പളം.
- പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ വരുന്ന സൈനികകാര്യ വകുപ്പിന്റെ മേധാവിയാണ്.
- മൂന്നു സേനകളുടെയും തലവന്മാര്‍ക്കു മുകളിലാണു സ്ഥാനമെങ്കിലും മൂന്നു സേനകളുടെയും മേധാവികളെ മറികടന്ന് ഉത്തരവുകള്‍ പുറപ്പെടുവിക്കാനാകില്ല.
- സൈനിക കാര്യങ്ങളില്‍ പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കാന്‍ സാധിക്കും.
- പ്രതിരോധ കാര്യങ്ങളില്‍ പ്രതിരോധ മന്ത്രിക്ക് ഉപദേശം നല്‍കുന്ന ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയര്‍മാനായിരിക്കും.
- സി.ഡി.എസ് പദവിയില്‍ നിന്നു വിരമിക്കുന്ന ഉദ്യോഗസ്ഥന് ഏതെങ്കിലും സര്‍ക്കാര്‍ പദവി വഹിക്കാനാകില്ല.
- സി.ഡി.എസ് പദവിയില്‍ നിന്നു വിരമിക്കുന്ന ഉദ്യോഗസ്ഥന് അഞ്ചുവര്‍ഷത്തേക്കു മറ്റേതെങ്കിലും സ്വകാര്യ തൊഴില്‍ സ്വീകരിക്കാന്റെ മുന്‍കൂര്‍ അനുമതി വേണം.
- വെവ്വേറെ നില്‍ക്കുന്ന സൈനിക വിഭാഗങ്ങളുടെ കമാന്‍ഡുകളെ ദൗത്യങ്ങള്‍ക്കായി ഏകോപിപ്പിക്കുകയും വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ അധികാരമുണ്ട്.