ശബരിമലയിൽ എല്ലാവർക്കും പ്രവേശനമെന്ന പൊലീസിന്റെ വിവാദ കൈപ്പുസ്തകം പിൻവലിച്ചെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ശബരിമലയിൽ എല്ലാവരെയും പ്രവേശിപ്പിക്കാൻ സർക്കാരിന് ഉദ്ദേശമില്ല. കോടതി നിർദേശപ്രകാരമായിരിക്കും തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല തീർത്ഥാടന സീസണ്മുന്നോടിയായിട്ടാണ് പൊലീസുകാർക്ക് നിർദേശം നൽകിയത്.
ശബരിമലയിൽ മുമ്പുണ്ടായിരുന്ന രീതിയിൽ തന്നെ പ്രവേശനം തുടരും. പുസ്തകത്തിലുള്ളത് അച്ചടി പിശക് മാത്രമാണ്. കേസ് കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി പ്രതികരിച്ചു. സർക്കുലറിൽ പിശക് പറ്റിയതാണെന്ന് ആഭ്യന്തര വകുപ്പും സമ്മതിച്ചു. 2018ലെ സുപ്രിംകോടതി വിധി നടപ്പാക്കണമെന്നായിരുന്നു നിർദേശം. സർക്കാർ നിർദേശത്തിനെതിരെ ബിജെപിസംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു.
സുപ്രിംകോടതി വിധി പ്രകാരം എല്ലാ തീർത്ഥാടകർക്കും ശബരിമലയിലേക്ക് തീർത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിർദേശത്തിനോടാണ് എതിർപ്പെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വിശ്വാസികൾ ഒരിക്കൽ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിർന്നാൽ പഴയതൊന്നും ഓർമ്മിപ്പിക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഡ്യൂട്ടിയിൽ ഉള്ള പൊലീസുകാർ എല്ലാം ആചാരങ്ങൾ പാലിക്കണം എന്നും സർക്കാർ നിർദേശത്തിൽ പറയുന്നുണ്ട്. ശബരിമലയിൽ വിവിധയിടങ്ങളിൽ ജോലി ചെയ്യുന്നപൊലീസുകാർക്കായാണ് നിർദേശങ്ങൾ അടങ്ങിയ കൈപ്പുസ്തകംനൽകിയിട്ടുള്ളത്. സുപ്രിംകോടതിയുടെ വിധി ന്യായ പ്രകാരം എല്ലാ തീർത്ഥാടകർക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് ഇതിലെ ഒന്നാമത്തെ നിർദേശമായാണ് നൽകിയിരിക്കുന്നത്.







































