കെ. സുധാകരനെ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കാൻ കോൺഗ്രസിൽ വീണ്ടും പടയൊരുക്കം ശക്തം. കെ.പി.സി.സി. അധ്യക്ഷൻ എന്ന നിലയിലുള്ള സുധാകരന്റെ പ്രവർത്തനങ്ങൾ പരാജയമാണെന്ന് കോൺഗ്രസിലെ ഒരു വിഭാഗം എം.പി.മാർ ഹൈക്കമാൻഡിനെ അറിയിച്ചു. 2024-ൽ ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കേ പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് എം.പി.മാരുടെ നീക്കം.
സുധാകരനെ നീക്കണമെന്നാവശ്യപ്പെട്ട് ഭൂരിഭാഗം എം.പി.മാരും ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്. പരസ്യമായി രംഗത്തുവന്നില്ലെങ്കിലും കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കെല്ലാം സുധാകരന്റെ പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കേ, ഈ നേതൃത്വവുമായി മുന്നോട്ടുപോകുന്നത് പാർട്ടിക്ക് തിരിച്ചടിയാവുമെന്നാണ് പരാതി. അതേസമയം സുധാകരനെ ഈ സമയത്ത് മാറ്റുന്നത് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് കരുതുന്ന കെ. മുരളീധരനടക്കമുള്ള നേതാക്കളുമുണ്ട്.
അനാരോഗ്യം കാരണം സംസ്ഥാനത്ത് നിറഞ്ഞു നിൽക്കാനാകുന്നില്ലെന്നും പാർട്ടിയിലെ പുനഃസംഘടന പോലും പൂർത്തിയാക്കാനായില്ലെന്നും സുധാകരനെതിരേ വിമർശനമുണ്ട്. മുസ്ലിംലീഗിനെ മുന്നണിയിൽനിന്നകറ്റുന്ന വിധത്തിലുള്ള നിരന്തരമായ പ്രസ്താവനകൾ നടത്തുന്നതും സുധാകരന് തിരിച്ചടിയാവുന്നു. യു.ഡി.എഫിലും ഇത് ചർച്ചയായി.എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി ഇനി ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്നാണ് സുധാകരൻ പറയുന്നത്. ടി.എൻ. പ്രതാപനും ലോക്സഭയിലേക്കുണ്ടാവില്ലെന്ന് അറിയിച്ചിരുന്നു.
അതേസമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അവസാനിക്കുന്നതുവരെ നേതൃമാറ്റ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കില്ലെന്നാണ് സൂചന.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88


































