ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 107 ആയി. 90 ഇന്ത്യക്കാരും 17 വിദേശികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 31 പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രോഗബാധയെ തുടർന്ന് രണ്ടു പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ മരണം കോവിഡ് ബാധയെ തുടർന്നാണോ എന്ന് സംശയിക്കുന്നുണ്ട്.
കർണാടക കൽബുർഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖിന്റേതാണ് രാജ്യത്തെ ആദ്യ മരണം.ബുധനാഴ്ചയാണ് ഇയാൾ മരിച്ചത്. സൗദിയിൽ നിന്ന് ഉംറ കഴിഞ്ഞ് ഫെബ്രുവരി 29 നാണ് മുഹമ്മദ് ഹുസൈൻ എത്തിയത്.
ഡൽഹി ജനക്പൂരി സ്വദേശിയായ 68 കാരിയാണ് മരിച്ച രണ്ടാമത്തെയാൾ. ഡൽഹി റാം മനോഹർലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മഹാരാഷ്ട്രയിലെ ബുൽധാനയിൽ ഉംറയ്ക്ക് പോയി മടങ്ങിയെത്തി ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കൊറോണയെന്ന് സംശയമുണ്ട്. ഇത് സ്ഥിരീകരിച്ചിട്ടില്ല.
ബുൽധാന ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന 71കാരനാണ് ശനിയാഴ്ച വൈകിട്ട് മരിച്ചത്. ഉംറ നിർവ്വഹിച്ചശേഷം സൗദി അറേബ്യയിൽനിന്ന് മടങ്ങിയെത്തിയയാൾ രക്തസമ്മർദ്ദത്തെ തുടർന്ന് ബുൽധാനയിലെ സ്വകാര്യ ആശുപത്രിയിൽ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു.
അതേസമയം ഇറ്റലിയിലും ഇറാനിലും കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇറാനിൽ കുടുങ്ങിക്കിടന്ന 234 ഇന്ത്യാക്കാരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചതായി വിദേശകാര്യമന്ത്രി എസ് ജയ് ശങ്കർ അറിയിച്ചു.
ഇതിൽ 131 പേര്‍ വിദ്യാർഥികളും 103 പേർ തീർഥാടകരുമാണ്. ഇറ്റലിയിൽ കുടുങ്ങിയ 211 പേരെയും ഇന്ത്യയിൽ തിരിച്ചെത്തിച്ചു. മിലാനിൽ നിന്നും ഇന്ത്യയിലെത്തുന്ന സംഘത്തിൽ 7 സന്നദ്ധ പ്രവർത്തകരുമുണ്ട്.





































