തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ നിലവിലെ കൊവിഡ് രോഗികളുടെ എണ്ണം 17 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ കോഴിക്കോടും ഒരാള്‍ കൊച്ചിയിലും ചികിത്സയിലാണ്.
ഒരാള്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കഴിഞ്ഞ ദിവസം ഒരാള്‍ക്കായിരുന്നു സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതുവരെ 505 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 17 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 23930 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.
23,596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണ്. ഇന്ന് 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുവരെ 36648 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 36002 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
മുൻഗണനാ വിഭാഗത്തിലെ 3475 സാമ്പിളുകൾ ശേഖരിച്ചതിൽ 3231 എണ്ണം നെഗറ്റീവായി.
ഇതെല്ലാം സൂചിപ്പിക്കുന്നത് നമ്മുടെ ഇടപെടലും പ്രതിരോധവും കൂടുതൽ ശക്തിപ്പെടുത്തണമെന്നാണെന്നും വിദേശത്ത് നിന്നും മറ്റ് സംസ്ഥാനത്ത് നിന്ന് വരുന്നവരും അവർക്ക് വേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങളും പൂർണ്ണ ജാഗ്രതയോടെ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്ത് എവിടെ കുടുങ്ങിയ കേരളീയരെയും നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് ,പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള തയ്യാറെടുപ്പാണ് സർക്കാർ നടത്തുന്നത്. കേന്ദ്ര സർക്കാരുമായി നിരന്തരണം ആശയവിനിമയം നടത്തിയാണ് നാം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് നിന്ന് വരുന്നവരുടെ മുൻഗണനാ ക്രമം തയ്യാറാക്കുന്നതും മറ്റ് കാര്യങ്ങൾ തീരുമാനിക്കുന്നതും യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതും ചിലവിടാക്കുന്നതും കേന്ദ്രസർക്കാരാണ്.
നാട്ടിലെ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംസ്ഥാനമാണ്. കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കായി സൗകര്യം ഒരുക്കാൻ ജില്ലകളിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.