ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണ൦ 6 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 19,684 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ഇതോടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 6,05,068 ആയി.
കോവിഡ് ബാധിച്ച് ഇതുവരെ 17,837 പേരാണ് മരിച്ചത്. 3,59,671 പേര്‍ രംഗത്തെ അതിജീവിച്ചു.
ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 6 ലക്ഷം കടന്നതോടെ ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാമത് നില്‍ക്കുന്ന റഷ്യയുടെ തൊട്ടുപിന്നില്‍ എത്തിയിരിയ്ക്കുകയാണ് രാജ്യം. റഷ്യയെക്കാള്‍ 50,000 രോഗികള്‍ മാത്രമാണ് ഇന്ത്യയില്‍ കുറവുള്ളത് എന്നത് കോവിഡ് വ്യാപനത്തിന്‍റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു.
ബുധനാഴ്ച രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ആകെ രോഗികളുടെ എണ്ണം 5,66,840 ആയിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ രാജ്യത്ത് 18,522 കേസുകള്‍ക്കൂടി റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി , ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്ര പ്രദേശ്, ഹരിയാന, കര്‍ണാടക എന്നീ പത്ത് സംസ്ഥാനങ്ങളിലായാണ് രാജ്യത്തെ 90 ശതമാനം കോവിഡ് രോഗികളുമുള്ളത്.
അമേരിക്കയു൦ ബ്രസീലുമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പ്രതിസന്ധി നേരിടുന്നത്. അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നിരിയ്ക്കുകയാണ്. 14 ലക്ഷം പേര്‍ക്കാണ് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചിരിയ്ക്കുന്നത്.





































