gnn24x7

ലക്ഷങ്ങളുടെ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും; മാത്യു കുഴൽനാടനെതിരേ ആരോപണവുമായി സി.പി.എം

0
234
gnn24x7

കോൺഗ്രസ് നേതാവായ മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടനെതിരെ സി.പി.എം. അദ്ദേഹം നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആരോപിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.എൻ മോഹനൻ. നികുതി വെട്ടിപ്പിലൂടെയാണ് ചിന്നക്കനാലിലെ റിസോർട്ടും ഭൂമിയും മാത്യു സ്വന്തമാക്കിയതെന്ന് സി.എൻ മോഹനൻ ആരോപിച്ചു.

2021 മാർച്ച് 18- ന് രജിസ്റ്റർ ചെയ്ത ആധാരത്തിൽ 1.92 കോടി രൂപയാണ് കാണിച്ചത്. പിറ്റേദിവസം നൽകിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഇതുവഴി കുഴൽനാടൻ വെട്ടിച്ചതായാണ് ആരോപണം. ദുബായ്, ഡൽഹി, ബെംഗളൂരു, ഗുവാഹാത്തി, കൊച്ചി എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ ലീഗൽ സ്ഥാപനങ്ങളുണ്ട്. ശരിയായ രീതിയിലല്ലാതെ വരുന്ന പണം വെളുപ്പിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായി ഇവയെ മാറ്റുന്നുവെന്നും സി.എൻ മോഹനൻ ആരോപിച്ചു.

‘അമേരിക്കൻ പ്രസിഡന്റ് ഒഴികെ എല്ലാവരുടെയും പേരിൽ ആക്ഷേപം ഉന്നയിക്കുന്ന വ്യക്തിയാണ് കുഴൽനാടൻ. സംഭവത്തിൽ സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. ഇതിനെതിരെ സി.പി.എം രാഷ്ട്രീയ സമരത്തിനിറങ്ങും’- സി.എൻ മോഹനൻ പറഞ്ഞു. അതേസമയം, ആരോപണങ്ങൾ തള്ളി മാത്യു കുഴൽനാടൻ രംഗത്തെത്തി. താൻ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ആരോപണങ്ങൾക്ക് നാളെ കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7