ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർ ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ പാക് ചാരവനിതയ്ക്ക് ചോർത്തി നൽകിയതായി കുറ്റപത്രം. മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് കുരുൽക്കർക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സാറ ദാസ് ഗുപ്ത എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ നടത്തിയ ചാറ്റിലൂടെയാണ് ഇന്ത്യയുടെ മിസൈൽ സിസ്റ്റങ്ങളുടെയും മറ്റുപ്രതിരോധ പദ്ധതികളുടെയും രഹസ്യങ്ങൾ വിശദീകരിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
സാറ ദാസ് ഗുപ്തയുമായി പ്രദീപ് കുൽക്കർ വാട്സാപ്പിലൂടെയും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ വിഡിയോകോളുകളുടെയും മെസേജുകളുടെയും വിവരങ്ങളും അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. കുരുൽകർ ചാരവനിതയിൽ ആകൃഷ്ടനായി. ആർഡിഒയുടെ രഹസ്യവിവരങ്ങൾ സ്വന്തം ഫോണിലേക്കു മാറ്റുകയും ഇത് സാറയ്ക്കു നൽകുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു.പൂനെയിലെ ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ)ഒരു ലാബിന്റെ ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ. ചാരവൃത്തി കണ്ടെത്തിയതിനെ തുടർന്ന് മേയ് 3ന് അറസ്റ്റ് ചെയ്ത കുരുൽക്കറെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
യുകെയിലെ സോഫ്റ്റ്വെയർ എൻജിനീയറെന്നു പരിചയപ്പെടുത്തിയ ചാരവനിത, പ്രദീപിന് അശ്ലീല സന്ദേശങ്ങളും വിഡിയോകളും അയച്ചിരുന്നു. അന്വേഷണത്തിൽ യുവതിയുടെ ഐപി അഡ്രസ് പാകിസ്താനിൽ നിന്നാണെന്നു കണ്ടെത്തി. മിസൈലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താനുള്ള നീക്കങ്ങളും പാക് ഏജന്റിൽ നിന്നുണ്ടായിട്ടുണ്ട്.2022 ജൂൺ മുതൽ ഡിസംബർ വരെ ഇരുവരും തമ്മിൽ സംഭാഷണം നടന്നിരുന്നു. ഡിആർഡിഒ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പ്രദീപിന്റെ ഇടപെടലുകളിൽ ദുരൂഹതയുള്ളതായി കണ്ടെത്തിയിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D