gnn24x7

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം; നെടുമ്പാശേരിയിൽ നിന്നുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി

0
167
gnn24x7

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. പുലർച്ചെ 2.38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ഉച്ചയ്ക്ക് 2.35-ന് ഷാർജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കി. വൈകിട്ട് 5.20-ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയര്‍ സർവീസും ഒഴിവാക്കി. ഇൻഡിഗോയുടെ ഗൾഫ് സർവീസുകൾ പൂർണ്ണമായും നിര്‍ത്തിവച്ചതായാണ് അറിയിച്ചിരിക്കുന്നത്. 6.20-ന് ദുബായിലേക്കുള്ള വിമാനം, രാത്രി 9.50-ന് റാസൽഖൈമയിലേക്കുള്ള വിമാനം, രാത്രി 10.50-ന് അബുദാബിയിലേക്കുള്ള വിമാനവും ഇൻഡിഗോ റദ്ദാക്കി. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. സർവീസുകൾ എപ്പോൾ പുനരാരംഭിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള പ്രധാന ഗൾഫ് സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങളാണ് സർവീസുകൾ വേണ്ടെന്ന് വെച്ചത്. ഇതോടെ മലബാറിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാരുടെ യാത്ര മുടങ്ങി.

യാത്രക്കാർക്കായി സിയാൽ പുറപ്പെടുവിച്ച മാർഗ്ഗരേഖ: മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യം പരിഗണിച്ച് വിമാനങ്ങൾ പുനക്രമീകരിച്ചിട്ടുണ്ടെന്ന് കൊച്ചി വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

സ്റ്റാറ്റസ് പരിശോധിക്കുക: വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുടെ വെബ്‌സൈറ്റ് വഴിയോ കസ്റ്റമർ കെയർ വഴിയോ ഫ്ലൈറ്റ് കൃത്യസമയത്തുണ്ടോ എന്ന് ഉറപ്പുവരുത്തുക.

വിവരങ്ങൾ തേടുക: സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ ടിക്കറ്റ് റീഫണ്ട് അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റാനുള്ള സൗകര്യം കമ്പനികൾ നൽകുന്നുണ്ടോ എന്ന് അന്വേഷിക്കുക.

എന്താണ് സംഭവിക്കുന്നത്? പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ വ്യോമപാതകൾ അതീവ അപകടാവസ്ഥയിലായിരിക്കുകയാണ്. യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് ഇറാൻ തങ്ങളുടെ ആകാശം സിവിൽ വിമാനങ്ങൾക്ക് ഭാഗികമായി അടച്ചു. ഇതോടെയാണ് ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പ്രതിസന്ധിയിലായത്

gnn24x7